s

ആലപ്പുഴ: വനമില്ലാത്ത ജില്ലയെന്ന 'പരമ്പരാഗത' പേരുദോഷത്തിൽ നിന്ന് ആലപ്പുഴയെ ഭാഗികമായെങ്കിലും രക്ഷിക്കാൻ 'മിയോവാക്കി' വനം ഒരുങ്ങുന്നു. പോർട്ട് മ്യൂസിയത്തിനും ഉപ്പൂറ്റി കനാലിനുമിടയിൽ 10 ഏക്കറിലെ 20 സെന്റിലാണ് കാടൊരുക്കുന്നത്.

ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണിത്. നഗരങ്ങളിലും സ്വാഭാവിക വനമാതൃകകൾ തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിയാവാക്കി വനം സൃഷ്ടിക്കുന്നത്. നിലമൊരുക്കി വൃക്ഷത്തൈകൾ നട്ടുകഴിഞ്ഞു. 100 ഇനങ്ങളിൽപ്പെട്ട 3200 വൃക്ഷത്തൈകളാണ് നടുന്നത്. പൂവരശ്, പുന്ന, കുടംപുളി,മാവ്, അശോകം,പ്ലാവ്, ആല്, പേര, മഹാഗണി, ജാതി തുടങ്ങിയവയാണ് പ്രധാനമായും നടുന്നത്. സ്വാഭാവികമായും വളരുന്ന തദ്ദേശീയ മരങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പക്ഷികൾക്കായി പഴവർഗത്തിൽപ്പെട്ട വൃക്ഷങ്ങളും നട്ടിട്ടുണ്ട്. കേരള ഡവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനും ഇൻവിസ് മൾട്ടിമീഡിയ കൾച്ചർ ഷോപ്പിയും ചേർന്നാണ് വനമൊരുക്കുന്നത്. കേരള സർവകലാശാല സസ്യശാസ്ത്രവിഭാഗം, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ദ്ധരാണ് മേൽനോട്ടം വഹിക്കുന്നത്.

............

 മിയോവാക്കി

ജാപ്പനീസ് സസ്യശാസ്ത്രജ്‌‌ഞനായ അകിറ മിയോവാക്കി വിഭാവനം ചെയ്ത പദ്ധതിയായതിനാലാണ് മിയോവാക്കി വനം എന്ന പേര്. ഉപയോഗശൂന്യവും തരിശുമായി കടക്കുന്ന പ്രദേശങ്ങളെ പുനരുദ്ധീകരിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ ഇത്തരം 10 പദ്ധതികളാണ് വിഭാവനം ചെയ്ചിരിക്കുന്നത്. അതിലൊന്നാണ് ആലപ്പുഴയിൽ നടപ്പാക്കുന്നത്.

..............................

# ചെടികൾ..........3200

# തുക............₹ 3.25 ലക്ഷം

# സ്ഥലം............ 20 സെന്റ്

..............................

 ജൈവകൃഷി

ഒരു ചതുരശ്ര മീറ്ററിൽ അഞ്ച് മരങ്ങളാണ് നട്ടിരിക്കുന്നത്. ജൈവപരിപാലനമാണ്. ഒരു മീറ്റർ താഴ്ചയിൽ മണ്ണ് മാന്തി ചാണകം,പിണ്ണാക്ക്,കമ്പോസ്റ്റ് എന്നിവ ചേർത്താണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. ഈ മണ്ണിൽ ചെടികൾക്ക് പെട്ടെന്ന് വളർച്ചയുണ്ടാകും. ഇതോടൊപ്പം കൃത്യമായ ഇടവേളയിൽ വെള്ളവും നനയ്ക്കും.

............

മിയോവാക്കി മരങ്ങൾ ആലപ്പുഴയിൽ ഒരുങ്ങിത്തുടങ്ങി. കൃത്യമായ പരിപാനത്തിലൂടെ മൂന്ന് വർഷം കൊണ്ട് കാടൊരുക്കും. കേരള ഡവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും ആലപ്പുഴ പൈതൃക പദ്ധതിയും ചേർന്നാണ് മിയോവാക്കി തയ്യാറാക്കുന്നത്

(നൗഷാദ്,ആലപ്പുഴ പൈതൃക പദ്ധതി)