
ആലപ്പുഴ: ഡ്രൈവിംഗ് പരിശീലനം പുനരാരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ടെസ്റ്റുകളും പഴയപടിയാക്കുന്നു. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ലേണേഴ്സ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കുമായിരുന്നു ഒക്ടോബർ 15 വരെ ടെസ്റ്റിന് അനുമതി. നിലവിൽ പുതിയ പരീക്ഷാർത്ഥികൾക്ക് അവസരം നൽകിത്തുടങ്ങി. ഒരു ദിവസം പരമാവധി 60 പേർ എന്ന തരത്തിലാണ് ടെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ആർ.ടി. ഓഫീസിന് കീഴിലും ഓരോ ദിവസവും നിശ്ചിത പ്രദേശം തിരഞ്ഞെടുത്താണ് ടെസ്റ്റ് നടത്തുക. ലേണേഴ്സ് ടെസ്റ്റ് ഓൺലൈനായി തുടരും. വാഹനത്തിനുള്ളിൽ സാമൂഹിക അകലം ക്രമീകരിച്ചാണ് ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലനം . വിജയദശമിയോടനുബന്ധിച്ച് പുതിയ പഠിതാക്കൾ എത്തിയതിന്റെ ആശ്വാസത്തിലാണ് ഡ്രൈവിംഗ് സ്കൂളുകാർ. ഒരു സമയം ഒരു വിദ്യാാർത്ഥിക്ക് പരിശീലനം എന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ക്ലാസിന് ശേഷവും വാഹനവും, പരിശീലകനും അണുവിമുക്തമാകേണ്ടതുണ്ട്. ടെസ്റ്റിലും ഇത് തന്നെയാണ് ക്രമീകരണങ്ങൾ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ജോയിന്റ് ആർ.ടി.ഒമാരുംആണ് ഡ്രൈവിംഗ് പരിശീലനത്തിലും ടെസ്റ്റിലും സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത്. ആർ.ടി.ഒമാർ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്ഥിതി പരിശോധിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഇത് സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും ഒന്നാം തീയതിയും 16-ാം തിയതിയും ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകണം.
ഗർഭിണികൾക്കും വൃദ്ധർക്കും വിലക്ക്
1.കണ്ടെയിൻമെന്റ് സോണിൽ നിന്നും മറ്റ് നിരോധിത മേഖലകളിൽ നിന്നുമുള്ളവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല.
2.രോഗലക്ഷണങ്ങൾ ഉള്ളവർക്കും, വിദേശത്ത് നിന്നെത്തി 14 ദിവസം പൂർത്തിയാക്കാത്തവർക്കും വിലക്ക്.
3.65 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും താൽക്കാലിക വിലക്ക്
4.റോഡ് ടെസ്റ്റിന് കാറിൽ ഉദ്യോഗസ്ഥനെ കൂടാതെ ഒരു പരീക്ഷാർത്ഥിക്ക് മാത്രം പ്രവേശനം
5.ഉദ്യോഗസ്ഥർക്ക് മാസ്ക്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധം.
6.നിർദേശങ്ങൾ പാലിക്കാത്ത സ്കൂളുകളെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കും.
7.ഡ്രൈവിംഗ് പരിശീലനം നടത്തുന്ന വാഹനം ദിവസവും വാട്ടർ സർവീസ് നടത്തി അണുവിമുക്തമാക്കണം.
ടെസ്റ്റിന് കൂടുതൽ പരീക്ഷാർത്ഥികൾ എത്തിത്തുടങ്ങി. ഓരോ ആർ.ടി. ഓഫിസിന് കീഴിലും നിശ്ചിത പ്രദേശങ്ങൾ തിരഞ്ഞെടുത്താണ് ടെസ്റ്റ് നടത്തുന്നത്. പരിശീലനത്തിലും ടെസ്റ്റിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്
- മോട്ടോർ വാഹന വകുപ്പ് അധികൃതർ