
ആലപ്പുഴ: ആശയതലത്തിലെ ഇടപെടലുകളിലൂടെ സാംസ്‌കാരികരംഗത്ത് വലിയതോതിലുള്ള പുരോഗതി കൈവരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മറ്റ് വകുപ്പുകളെ അപേക്ഷിച്ച് താരതമ്യേന പുറകോട്ട് നിന്നിരുന്ന സാംസ്‌കാരികവകുപ്പ് ഇന്ന് തലയുയർത്തിനിൽക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്‌കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂരിൽ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 6500 വായനശാലകളെ ഉപയോഗപ്പെടുത്തി ഏഴരലക്ഷം ജനങ്ങളിലേക്ക് ഗുരു സന്ദേശം എത്തിക്കാനും55 കോടി രൂപ വകയിരുത്തി കൊല്ലം ജില്ലയിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാനും, തിരുവനന്തപുരത്ത് ഗുരു പ്രതിമ സ്ഥാപിക്കാനും, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കാനും സർക്കാരിന് സാധിച്ചു. ചെങ്ങന്നൂരിൽ വരാൻപോകുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ടി. പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം. പി, സജി ചെറിയാൻ എം. എൽ. എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ റ്റി. ആർ. സദാശിവൻ, നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി അജിത, വൈസ് പ്രസിഡന്റ് ജി. വിവേക് തുടങ്ങിയവർ പങ്കെടുത്തു.