ആലപ്പുഴ: കൊവിഡ് രോഗികൾക്ക് കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട ചകിത്സ ഉറപ്പാക്കാൻ ജില്ലയിൽ ട്രയാജ് സംവിധാനം സജ്ജമായി.

കൊവിഡ് രോഗികളെ മെഡിക്കൽ ഓഫീസറുടെ അനുവാദത്തോടെ ഇവിടെ എത്തിച്ച് രോഗ ലക്ഷണവും തീവ്രതയും അനുസരിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്നതാണ് ട്രയാജ്. രോഗ ലക്ഷണമനുസരിച്ച് എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ ലഭ്യമാക്കുക. ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ കടപ്പുറം ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി, ചേങ്ങന്നൂർ സെഞ്ച്വറി ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവടങ്ങളിലാണ് ട്രയാജ് സംവിധാനം ഒരുക്കിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ രാവിലെ 8 മുതൽ രാത്രി 8 വരേയും മറ്റ് ആശുപത്രികളിൽ 24 മണിക്കൂറും സംവിധാനം പ്രവർത്തിക്കും.
രോഗികൾക്ക് പുറമേ ക്വാറന്റൈനിലിരിക്കുന്നവർ, പ്രൈമറി കോണ്ടാക്ടുള്ളവർ എന്നിവർക്കും ആവശ്യമെങ്കിൽ ട്രയാജ് ഒ.പി. പ്രയോജനപ്പെടുത്താം. സ്‌പെഷ്യലിസ്റ്റ് ഉൾപ്പടെ നാല് ഡോക്ടർമാരെയാണ് ട്രയാജിൽ നിയോഗിച്ചിട്ടുള്ളത്.