ആലപ്പുഴ : സംസ്ഥാനത്തെ സ്വകാര്യബസ് മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിയെക്കാൾ കൂടുതൽ ബസുകൾ ഇറക്കി സംസ്ഥാനത്തെ ജനങ്ങളുടെ യാത്രാആവശ്യങ്ങൾ നിറവേറ്റി വരുന്നത് സ്വകാര്യബസ് മേഖലയാണ്. മേഖല നിലനിൽക്കാൻ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ബസ് ഉടമകളുടെ ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു.
കൊവിഡ് അവസാനിക്കുന്നതുവരെ റോഡ് ടാക്സ് ഒഴിവാക്കുക, ഒരു ബസിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, ബസ് ജീവനക്കാർക്ക് പ്രതിമാസം 5000 രൂപ സഹായധനം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മൊബൈൽ കോൺഫറൻസിന് കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യൻ നേതൃത്വം നൽകി. കെ.ബി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. എസ്.എം.നാസർ, ഷാജിലാൽ, എൻ.സലിം, റിനുമോൻ, ബിനു ദേവിക, വിജയൻ എന്നിവർ പങ്കെടുത്തു.