
അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ അടച്ചിട്ട മുറിയിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് മെഷീനിൽ തീ പിടിച്ചത് പരിഭ്രാന്തി പരത്തി.
ജെ ബ്ലോക്കിലെ സൂപ്രണ്ട് ഓഫീസ് ഹാളിലെ മുറിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെ ആണ് സംഭവം. മെഷീൻ ഭാഗികമായി കത്തിനശിച്ചു. ഇലക്ട്രിക് വിഭാഗം ജീവനക്കാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സീലിംഗ് ഫാനിൽ തീ പിടിച്ച് പ്ലാസ്റ്റിക്ക് കവർ ഉരുകി താഴെ മേശയുടെ പുറത്ത് വെച്ചിരുന്ന ഫോട്ടോ സ്റ്റാറ്റ് മെഷീനിലേക്ക് വീണ് തീ പടരുകരുകയായിരുന്നു. ജീവനക്കാരായ അജിയും, അജീഷുമെത്തി മെയിൻ സ്വിച്ചുകൾ ഓഫ് ചെയ്ത് തീ ആളിക്കത്തിക്കൊണ്ടിരുന്ന ഫാനിലെ വൈദ്യുതി ബന്ധം വേർപെടുത്തിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരിക്കുന്ന ഫയർ യൂണിറ്റിന്റെ പൈപ്പുകളും മറ്റും തുരുമ്പെടുത്തിരിക്കുന്നതിനാൽ പെട്ടന്ന് തീ കെടുത്താൻ പറ്റാത്ത അവസ്ഥയാണുള്ളത്. തീ പടരാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ പറഞ്ഞു.