ആലപ്പുഴ: കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി സർക്കാർ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാർക്ക് പദ്ധതിക്ക് ഭരണാനുമതി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിൻഫ്രയുടെ നേതൃത്വത്തിൽ തുടങ്ങുന്ന പാർക്കിന് 66.05 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നെൽ കർഷകർക്കും അനുബന്ധ മേഖലയിലെ സംരംഭകർക്കും സഹായകമാകുന്ന വിപുലമായ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. നെൽകൃഷി വ്യാപകമാക്കുകയും കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കുട്ടനാട്ടിലെ കർഷകർക്ക് സഹായകമാവുന്നതും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി. നെല്ലിന്റെ സംസ്‌കരണം, മൂല്യവർദ്ധന എന്നിവയ്ക്കായി പാർക്കിൽ പ്രത്യേക സംവിധാനം ഒരുക്കും. ആധുനിക മില്ലുകൾ, ഗുണനിലവാര നിയന്ത്രണ ലാബ്, നെല്ലും അരിയും സൂക്ഷിക്കാനുള്ള വിപുലമായ സംഭരണശാലകൾ, പാക്കിംഗ് കേന്ദ്രം, സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി എന്നിവ പാർക്കിൽ സജ്ജീകരിക്കും. വൈദ്യുതി, ജലം, ഗതാഗതം, മാലിന്യ സംസ്‌കരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. അരിയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനുള്ള ഹബ്ബായി പാർക്ക് പ്രവർത്തികും. അനുബന്ധ സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കും ഇവിടെ ഇടമുണ്ടാകും.
സംസ്ഥാനത്തെ നെൽകൃഷിയും അരി ഉത്പാദനവും മറ്റ് അനുബന്ധന പ്രവർത്തനങ്ങളും സുസ്ഥിരമാക്കാനാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ റൈസ് ടെക്‌നോളജി പാർക്ക്. പാലക്കാട്ടെ പ്രഥമ റൈസ് പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.