t

ആലപ്പുഴ: കൊവിഡ് മൂലം 'ശബ്ദവും വെളിച്ച'വും നിലച്ച ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളും ഉടമകളും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതീക്ഷയിലാണ്. പൊതു പരിപാടികളും മറ്റു സ്വകാര്യ ചടങ്ങളും കൊവിഡ് നിയന്ത്രണത്തിലായതോടെയാണ് ഈ വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം മാസങ്ങളായി പ്രതിസന്ധിയിലായത്.

ലൈറ്റ് ആൻഡ് സൗണ്ടിൽ സജീവമായിരുന്ന പലരും പച്ചക്കറി,കപ്പ,മീൻ കച്ചവടം നടത്തുന്നുണ്ടെങ്കിലും മെച്ചമൊന്നും ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കച്ചവടത്തിലെ പരിചയക്കുറവും വിനയാവുന്നുണ്ട്. തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെ സാമഗ്രികൾ പ്രവർത്തന സജ്ജമാക്കുന്ന തിരക്കിലാണ് മേഖല.

കൊവിഡ് നിയന്ത്രണങ്ങൾ ഉടനെങ്ങും അവസാനിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും തിരഞ്ഞെടുപ്പുകളിൽ ശബ്ദ കോലാഹലം അവശ്യ ഘടകമാണ് എന്നതിലാണ് പ്രതീക്ഷ. വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങി മേഖലയിൽ പിടിച്ചു നിന്നവർ ഇപ്പോൾ കടക്കെണിയിലാണ്. മൊറട്ടോറിയം പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങിയെന്നാണ് ഉടമസ്ഥർ പറയുന്നത്. തവണ മുടങ്ങിയവർ കൂട്ടുപലിശ ചേർത്താണ് ബാങ്കുകളിൽ തുക അടച്ചത്. മാസങ്ങളോളം ഉപകരണങ്ങളും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാൽ പലതും തകരാറിലായിട്ടുണ്ട്.

 നഷ്ട സീസൺ

ഏപ്രിൽ-മേയ് ഉത്സവ കാലവും കല്യാണവും ഓണക്കാലവും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് നഷ്ടമായി. ഇനി വരാൻ പോകുന്ന സീസണുകൾ എങ്ങനെയാവും എന്നതിലും ആശങ്കയുണ്ട്.

 തിരഞ്ഞെടുപ്പിന് ഒരു ദിവസം

# വാഹന അനൗൺസ്‌മെന്റ്.......... 6000-6500 രൂപ

# മൈക്ക്,ജനറേറ്റർ................3500-4000 രൂപ

..............................

തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷ നൽകുന്നുണ്ട്.എന്നാൽ നിയന്ത്രണങ്ങളിൽ പേടിയുണ്ട്. തിരഞ്ഞെടുപ്പ് കാലം സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണ്. പലരും ബാങ്ക് വായ്പ എടുത്ത് കടക്കെണിയിലാണ്

മുരുകാനന്ദൻ, ഗംഗ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ