
ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മുതുകാട്ടുകര കളീയ്ക്കൽ - പുളിമൂട് റോഡിന്റെ വശങ്ങളിൽ വളർന്നുനിന്ന പാഴ് ചെടികൾ ബി.ജെ.പി പ്രവർത്തകർ വെട്ടിനീക്കി. ഇടപ്പോൺ- പടനിലം ഭാഗത്തുള്ളവർ എരുമക്കുഴി ചന്തയിലേക്കും നൂറനാട് ജംഗ്ഷനിലേക്കും വേഗമെത്താൻ ഉപയോഗിക്കുന്ന റോഡാണിത്. ഈ റോഡിനോടു ചേർന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തൊഴിലുറപ്പു തൊഴിലിൽ ഉൾപ്പെടുത്തി റോഡ് വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പലവട്ടം പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ബി.ജെ.പി മുതുകാട്ടുകര - പി.എച്ച്.സി വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചെടികൾ വെട്ടിമാറ്റിയത്.
ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം.എസ്. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ജെ.ഹരീഷ് കുമാർ, മുതുകാട്ടുകര വാർഡ് സെക്രട്ടറി ബി.ടി.മുരുകൻ, ട്രഷറർ രാജേഷ് ജി. പിള്ള,കോമളൻ, വിഷ്ണു ജി.നായർ, അനിൽ പാറാണാൽ, ഉണ്ണിക്കൃഷ്ണപിള്ള, ശ്രീകുമാർ കാമിയോ,രാജ്‌കുമാർ,അനിൽ കുമാർ, അമ്പിളി എന്നിവർ നേതൃത്വം നൽകി.