
ആലപ്പുഴ:സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ആലപ്പുഴ സായി തുഴച്ചിൽ പരിശീലന കേന്ദ്രത്തിൽ കേന്ദ്രത്തിലെ കുട്ടികൾ, പരിശീലനം പുനരാരംഭിക്കുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ. കൊവിഡ് മൂലം പരിശീലനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.
കയാക്കിംഗ്,റോവിംഗ് എന്നിവയിലാണ് പരിശീലനം. കേരളം,തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 59 വിദ്യാർത്ഥികളാണ് പരിശീലനം നടത്തുന്നത്. നിലവിൽ ഇവരെല്ലാം വീടുകളോട് ചേർന്നുള്ള ജലാശയങ്ങളിലാണ് പരിശീലിക്കുന്നത്. ഇവർക്കുള്ള ഫിറ്റ്നസ് കോച്ചിംഗ് എല്ലാദിവസവും ഓൺലൈനിലൂടെ അദ്ധ്യാപകർ നൽകുന്നുണ്ട്. പരിശീലനം തുടങ്ങുമ്പോൾ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് നഷ്ടപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭ്യമായാൽ മാത്രമേ പരിശീലനം തുടങ്ങാൻ കഴിയുകയുള്ളൂ. നിലവിൽ സായിയിൽ ഓഫീസ് പ്രവർത്തനം മാത്രമാണ് നടക്കുന്നത്.
ക്വാറന്റൈൻ
സായിൽ എത്തും മുമ്പ് വീടുകളിൽ വിദ്യാർത്ഥികൾ14 ദിവസം ക്വാറന്റൈൻ ഇരിക്കണം. തുടർന്ന് നടത്തുന്ന കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരിക്കണം. ഇവർ സ്കൂളിൽ എത്തിയാൽ ഹോസ്റ്റലിൽ ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ കഴിയണം. സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് സായി ഹോസ്റ്റൽ പ്രവർത്തിക്കുന്ന പുന്നമടയിൽ കൊവിഡ് കേസുകൾ നിരീക്ഷിക്കും.
ഭക്ഷണമാണ് പ്രശ്നം
കായിക താരങ്ങൾക്ക് വ്യായാമത്തിനൊപ്പം പ്രധാനമാണ് ഭക്ഷണം. പ്രോട്ടീൻ ഭക്ഷണം സായിയിൽ ലഭ്യമായിരുന്നു. എന്നാൽ വിദ്യാർത്ഥികൾ വീട്ടിൽ തുടരുന്നതിനാൽ ഭക്ഷണ ക്രമീകരണം താളം തെറ്റി. ഇതിനുള്ള പ്രത്യേക അലവൻസ് വിദ്യാർത്ഥികൾക്ക് ലഭ്യമല്ല. പലരും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പാൽ,മുട്ട, മീൻ,ഇറച്ചി,പച്ചക്കറി വിഭവങ്ങൾ,നട്ട്സ് എന്നിവയാണ് ഇവരുടെ ആഹാര ചാർട്ടിലുള്ളതാണ്.
............
കേന്ദ്രത്തിന്റെ അനുമതിയും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശവും ലഭ്യമായാൽ സായിയിൽ പരിശീലനം ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്രമീകരണമാണ് ഒരുക്കുന്നത്.. വിദ്യാർത്ഥികൾക്ക് കഠിനമല്ലാത്ത ഫിറ്റ്നസും പ്രതിരോധശേഷം കൂട്ടുന്ന വ്യായാമങ്ങളും ഓൺലൈനിലൂടെ ലഭ്യമാക്കുന്നുണ്ട്
സജി തോമസ്, സായി പരിശീലകൻ