
ആലപ്പുഴ: ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കാമെന്ന ധനകാര്യ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ പ്രഖ്യാപനം പാഴ്വാക്കായതോടെ ആലപ്പുഴ നഗരത്തിലെ ജനറൽ ആശുപത്രിയിൽ നിരവധി അത്യാധുനിക യന്ത്രങ്ങൾ നശിക്കുന്നു. മൂന്ന് ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയിമിക്കാമെന്ന് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നുമുണ്ടായില്ല. ആലപ്പുഴ നഗരസഭയുടെ അധീനതയിലുള്ള ജനറൽ ആശുപത്രിയിൽ മൈക്രോബയോളജി, ആധുനിക രക്തബാങ്ക്, ട്രോമാകെയർ യൂണിറ്റ് എന്നിവയ്ക്കായി വാങ്ങിയ മെഷീനുകൾ തുരുമ്പെടുത്തു നശിക്കുകയാണ്. ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ പോസ്റ്റുമോർട്ടം പുനരാരംഭിക്കാനായിട്ടില്ല. ഡോക്ടർമാരും നേഴ്സുമാരം ഇല്ലാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ട്രോമാകെയർ യൂണിറ്റ് പൂട്ടിക്കിടക്കുന്നു.
 വേണം പണം
മൈക്രോബയോളജി, ആധുനിക രക്തബാങ്ക്, മോർച്ചറി കെട്ടിട നവീകരണത്തിന് മതിയായ ഫണ്ടില്ല. മൈക്രോബയോളജി, മോർച്ചറി കെട്ടിട നവീകരണത്തിനാവശ്യമായ ഫണ്ടിനായി ആശുപത്രി അധികൃതർ നഗരസഭയ്ക്ക് കത്തെഴുതി കാത്തിരിക്കുകയാണ്. ആധുനിക രക്തബാങ്കിനുള്ള മുറിയിൽ വൈദ്യുതീകരണത്തിന് നഗരസഭ 15 ലക്ഷവും സിവിൽ വർക്കിന് പൊതുമരാമത്ത് വകുപ്പ് 10 ലക്ഷവും അനുവദിച്ചു. ഇവയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. മോർച്ചറിയുടെ നവീകരണത്തിനും ഉപകരണങ്ങൾക്കുമായി 40 ലക്ഷം വേണ്ടിവരും.
 കിടത്തി ചികിത്സ കുറഞ്ഞു
450 കിടക്കകളുള്ള ആശുപത്രിയിൽ 150ൽ താഴെ രോഗികൾ മാത്രമാണ് കിടത്തി ചികിത്സയിലുള്ളത്. 2009ൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തെക്ക് മാറ്റിയപ്പോൾ നഗരത്തിലെ ആശുപത്രിയെ മെഡിക്കൽ കോളേജിന് സമാനമായ നിലവാരത്തിലുള്ള ജനറൽ ആശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ മാത്രമേ ഇപ്പോഴുമുള്ളൂ. അത്യാസന്ന നിലയിൽ എത്തുന്നവരെയൊക്കെ വണ്ടാനത്തേക്ക് പറഞ്ഞയയ്ക്കുന്ന ഇടനില ആശുപത്രിയായി മാറിയിരിക്കുകയാണ് ജനറൽ ആശുപത്രിയെന്ന് ആക്ഷേപമുണ്ട്. ഒരുവർഷം മുമ്പ് തുടങ്ങിയ ഡയാലിസിസ് യൂണിറ്റ് മാത്രമാണ് ആശുപത്രിയിൽ കാര്യമായി പ്രവർത്തിക്കുന്നത്. ജീവനക്കാർ മൂന്നു ഷിഫ്റ്റിലായി പ്രതിദിനം 24 പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. ഇത് നാല് ഷിഫ്റ്റാക്കാനുള്ള പരിശ്രമത്തിലാണ്.
 രക്തം വാർന്ന് രക്തബാങ്ക്
മൈക്രോബയോളജി ലാബും ആധുനിക രക്തബാങ്കും ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ യന്ത്രങ്ങൾ വാങ്ങാൻ പണം അനുവദിച്ചിരുന്നു. 2018 ആദ്യം മൈക്രോബയോളജി ലാബിനും ആധുനിക രക്തബാങ്കിനും വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് യന്ത്രങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. മൂന്നു വർഷമായി ഇത് ആശുപത്രി മുറിയിൽ വിശ്രമത്തിലാണ്. നിബന്ധനകൾ പ്രകാരം കെട്ടിടത്തിൽ വൈദ്യുതീകരണം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് ഇവ രണ്ടും ഉപയോഗശൂന്യമാകാൻ കാരണം. പലതവണ പദ്ധതി സമർപ്പിച്ചെങ്കിലും കെട്ടിട നവീകരണത്തിന് ആവശ്യമായ പണം ലഭ്യമായില്ല. രക്ത ബാങ്ക് പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ അനുശാസിക്കുന്ന തരത്തിൽ മുറി സജ്ജീകരിക്കണം. രക്തത്തിലെ വിവിധ പ്‌ളേറ്റ്‌ലറ്റുകൾ തരംതിരിക്കാൻ കഴിയുന്ന അത്യാധുനിക മെഷീനാണ് ആശുപത്രിയിലെ മുറിയിൽ കിടക്കുന്നത്.
.................................
മൈക്രോബയോളജി, ആധുനിക രക്തബാങ്ക്, മോർച്ചറി എന്നിവ പ്രവർത്തിപ്പിക്കാൻ മുറികളുടെ സിവിൽ വർക്കിനായി നഗരസഭയിലും സർക്കാരിലും പദ്ധതികൾ സമർപ്പിച്ചു. തുക ലഭ്യമാകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്
സൂപ്രണ്ട്, ജനറൽ ആശുപത്രി
............................
മൂന്ന് ഡോക്ടർമാരെയും 10 നഴ്സുമാരും ആവശ്യത്തിന് ഗ്രേഡ് രണ്ട് ജീവനക്കാരെയും നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.ജില്ലാ ആശുപത്രിയിൽ ഒരു താലൂക്ക് ആശുപത്രിയിൽ വേണ്ട ജീവനക്കാർ പോലുമില്ല
ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ, നഗരസഭ
............................
സർജൻമാരെ നിയമിച്ച് ട്രോമാകെയർ യണിറ്റും മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുള്ള സംവിധാനം ഒരുക്കണം. ആലപ്പുഴയിലുള്ളവർ 13 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജ് ആശുപത്രിയെ ആണ് ആശ്രയിക്കേണ്ടി വരുന്നത്
ബഷീർ കോയാപറമ്പിൽ, ചെയർമാൻ, നഗരകാര്യ വികസന സമിതി