t

ആലപ്പുഴ: പരാധീനതകളുടെ തടവിലായിരുന്ന ആലപ്പുഴ ജില്ലാ ജയിൽ പുതിയ കെട്ടിടത്തിന്റെ വിശാലതയിലേക്ക്.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചരക്കോടി മുടക്കി നിർമ്മിച്ച ജയിൽ കെട്ടിടം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും.

മേയിൽ ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന പുതിയ കെട്ടിടം കൊവിഡ് കുരുക്കിൽപ്പെടുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ജില്ലാ ജയിൽ പ്രവർത്തിച്ചിരുന്നത്. 40 പേരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ഇപ്പോഴത്തെ ജയിലിൽ സ്ത്രീകളടക്കം നിലവിൽ 47 തടവുകാരുണ്ട്. 65 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ നാല് ബ്ലോക്കുകളും തികച്ചും ശോച്യാവസ്ഥയിലാണ്. ഇക്കാരണത്താൽ തടവുകാരെ യഥാവിഥം പാർപ്പിക്കാൻ കഴിയുന്നില്ല. നാല് മുറികൾ മാത്രമുള്ള നിലവിലെ കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനം പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.

തടവുകാർക്ക് രാത്രികാലങ്ങളിൽ ഉറങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. നിലത്ത് തിങ്ങിഞെരുങ്ങിയാണ് കിടപ്പ്. കെട്ടിടത്തിന്റെ ബലക്ഷയമാണ് മറ്റൊരു വെല്ലുവിളി. ചോർന്നൊലിക്കുന്ന കെട്ടിടങ്ങളായതിനാൽ ഓഫീസ് ജോലിയും മുടങ്ങുന്ന സ്ഥിതിയായിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ തടവുകാർക്കൊപ്പം ജയിൽ ഉദ്യോഗസ്ഥരും ആശ്വാസത്തിലാവും.

 2016ലെ തീരുമാനം

പുതിയ കെട്ടിടം സ്ഥാപിക്കാൻ 2016ലാണ് തീരുമാനിച്ചത്. കൂടാതെ ടോയ്ലറ്റുകളുടെ എണ്ണക്കുറവും തടവുപുള്ളികളുടെ എണ്ണം കൂടുമ്പോൾ അവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റേണ്ടിവരുന്നതും അധികൃതർക്ക് തലവേദനയായതോടെയാണ് പുതിയ കെട്ടിടം ആവശ്യപ്പെട്ട് ജയിൽ വകുപ്പിനെ സമീപിച്ചത്. 2017ൽ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കുകയും 2018ൽ പണി ആരംഭിക്കുകയും ചെയ്തു. നിലവിലെ കെട്ടിടത്തിനു സമീപമായി 93 സെന്റിൽ 20 അടി പൊക്കമുള്ള കൂറ്റൻ മതിൽ ഉൾപ്പെടെയാണ് ബഹുനില കെട്ടിടം നിർമ്മിച്ചത്.

 200 പേരെ ഉൾക്കൊള്ളും

പുതിയ ജയിലിൽ 200 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ട്. ഇതോടെ പഴയ കെട്ടിടം സ്മാരകമായി നിലനിറുത്താനാണ് സർക്കാർ തീരുമാനം. തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ ഉൾപ്പെടെയുള്ളവർ ഇവിടെ തടവിൽ കഴിഞ്ഞുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1955 ലാണ് ഈ ജയിൽ മന്ദിരം സ്ഥാപിച്ചത്.

............................

പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ജില്ലാജയിലിലെ വർഷങ്ങളായുള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പുതിയ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യം കൂടുതലാണ്. കൂടുതൽ തടവുകാരെ പാർപ്പിക്കാൻ കഴിയും. കൊവിഡ് കാലമായതിനാലാണ് ഉദ്ഘാടനം വൈകിയത്

ശ്രീകുമാർ,ജില്ലാ ജയിൽ സൂപ്രണ്ട്