ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഐ.ടി സെക്രട്ടറിയും വിശ്വസ്തനുമായ ശിവശങ്കറിനെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞ എല്ലാ കാര്യങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ശിവശങ്കർ ഔദ്യോഗിക പദവിയിലിരുന്നുകൊണ്ട് കള്ളക്കടത്തുകാർക്കും സ്വർണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനിന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി എല്ലാസമയത്തും ശ്രമിച്ചത്. നിൽക്കക്കള്ളിയില്ലാതായപ്പോഴാണ് മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളിപ്പറയാൻ തയ്യാറായത്. ശിവശങ്കറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാലും ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്താലും സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് മിഷൻ അഴിമതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പകൽപോലെ വ്യക്തമാണ്. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാകില്ലെന്നും കൊടിക്കുന്നിൽ പ്രസ്താവനയിൽ പറഞ്ഞു.