ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 5 കോടി കിഫ്ബി ഫണ്ടും ഒരു കോടി, രണ്ടു കോടി രൂപ പ്ലാൻഫണ്ടും ഉപയോഗിച്ചു നിർമ്മിച്ച സ്കൂൾകെട്ടിടങ്ങളുടെ മൂന്നാം ഘട്ട ഉദ്ഘാടനവും പുതുതായി നിർമ്മാണം തുടങ്ങുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവംബർ 4 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ അതത് നിയോജകമണ്ഡലത്തിലെ എം.എൽ.എമാർ, എം.പിമാർ, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
പുതിയ കെട്ടിടങ്ങൾ
ചേർത്തല നിയോജകമണ്ഡലത്തിലെ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സി.ബ്ലോക്ക്, മാവേലിക്കര നിയോജകമണ്ഡലത്തിലെ കണ്ണനാകുഴി ഗവ.എൽ.പി.എസ്, കുട്ടനാട് നിയോജകമണ്ഡലത്തിലെ കരുമാടി കെ.കെ. കുമാരപിളള സ്മാരക ഗവ.ഹൈസ്‌കൂളിലെ കെട്ടിടം, ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഗവ.യു.പി.എസ് പൂന്തോപ്പിൽ ഭാഗം, ഗവ.യു.പി.എസ്.തമ്പകച്ചുവട്, ഗവ.എൽ.പി.എസ്- മാരാരിക്കുളം, എസ്.സി.എം.വി.യു.പി.എസ്. പൂങ്കാവ്, ഗവ.എൽ.പി.എസ്. കലവൂർ, വി.വി.എസ്.ഡി.യു.പി.എസ്, പാതിരപ്പള്ളി, ഗവ.യു.പി.എസ് ആര്യാട് നോർത്ത്, ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഹരിജനോദ്ധാരണി ഗവ.എൽ.പി.എസ് ചെന്നിത്തല എന്നിവയാണ് ശിലാസ്ഥാപനം നടക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ.