t

അമ്പലപ്പുഴ: പലിശയ്ക്കു കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടർന്ന്, പണം വാങ്ങിയ സ്ത്രീയുടെ വീടിനു മുന്നിൽവച്ച് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച, പുറക്കാട് പഞ്ചായത്ത് കരൂർ മാമ്പലയിൽ വീട്ടിൽ ശാരംഗപാണി - മനോന്മണി ദമ്പതികളുടെ മകൻ പ്രദീപ് (50) ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

കഴിഞ്ഞ 23 നാണ് പ്രദീപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്പലപ്പുഴ കച്ചേരി മുക്കിന് പടിഞ്ഞാറ് ഭാഗത്തുള്ള സ്ത്രീക്ക് പ്രദീപ് ഒന്നരലക്ഷം രൂപ പലിശയ്ക്ക് നൽകിയിരുന്നു. മുതലും പലിശയും തിരികെ ചോദിച്ച് 23 ന് രാവിലെ ഇവരുടെ വീട്ടിൽ ചെന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇവിടെ നിന്നു മടങ്ങിയ പ്രദീപ് പെട്രോൾ ശേഖരിച്ചു കൊണ്ടുവന്ന് ഇവരുടെ വീടിനു മുന്നിൽ വെച്ച് ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പ്രദീപിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് വാർഡിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാവിലെ 9 ഓടെ മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കുഞ്ഞുമോൾ.