photo

ചേർത്തല: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന മുൻ പ്രസിഡന്റ് ചേർത്തല തെക്ക് പഞ്ചായത്ത് 18-ാം വാർഡ് അർത്തുങ്കൽ കോയിപറമ്പിൽ പരേതരായ വർഗീസ്-ബാർബര ദമ്പതികളുടെ മകൻ ലാൽ കോയിപറമ്പിൽ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: മിനി ലാൽ (അദ്ധ്യാപിക,സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്‌കൂൾ,അർത്തുങ്കൽ). മക്കൾ: നിധിയ ലാൽ (ന്യൂസിലാൻഡ്),നിധിൻ ലാൽ.മരുമകൻ: മിഥുൻ ജാക്‌സൺ (ന്യൂസിലാൻഡ്).ലാലിനോടുള്ള ആദരസൂചകമായി ആലപ്പുഴ,എറണാകുളം ജില്ലകളിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് പണിമുടക്കും.

മത്സ്യമേഖലയിലെ സമരമുഖങ്ങളിൽ പ്രധാനിയായിരുന്നു ലാൽ കോയിപറമ്പിൽ. 1985 മുതൽ 1988 വരെ കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, 1988 മുതൽ 1994 വരെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, 1995 മുതൽ 2018 വരെ കേരള പേഴ്‌സീൻ മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്,സംസ്ഥാന സമരസമിതി കൺവീനർ,കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ട്രോളിംഗ് നിരോധനം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യം, മത്സ്യത്തൊഴിലാളി പെൻഷൻ തുടങ്ങിയ നിരവധി സമരങ്ങൾ നയിച്ച ലാൽ 1985ൽ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ജയിൽ നിറയ്ക്കൽ സമരത്തെ തുടർന്ന് ജൂൺ 9 ന് ആലപ്പുഴ കളക്ടറേ​റ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിച്ചു. 1993ൽ കള്ളിക്കാട് ബോട്ട് ആങ്കറിംഗിനെതിരെ സമരം നയിച്ച് ബോട്ടുകൾ കത്തിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
1994ൽ കെ.ആർ.ഗൗരിഅമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ് രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി. തുടർന്ന് രാജിവച്ച് മത്സ്യമേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച ലാൽ 2001ൽ അരൂർ നിയോജക മണ്ഡലത്തിലും 2004 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ഇടതുപക്ഷ സ്ഥാനാർത്ഥിയായി പരിഗണനയിലുണ്ടായിരുന്നു. വിയോഗത്തിൽ മുൻ മുഖ്യമന്ത്റിമാരായ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ അനുശോചിച്ചു.