അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി ഓർഡിനൻസ് കടൽ കുത്തകകൾക്ക് തീറെഴുതുന്നതിന്റെ തുടക്കമാണെന്ന് ഡ്രൈ ഫിഷ് മർച്ചന്റ് അസോസിയേഷൻ ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിന്റെ വിഹിതം ഈടാക്കാനായി കൊണ്ടുവന്ന പുതിയ ഓർഡിനൻസ് തൊഴിലാളികളെ സമ്മർദ്ദത്തിലാക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന് ഡ്രൈ ഫിഷ് മർച്ചന്റ് അസോസിയേഷൻ ജില്ല സെക്രട്ടറിയും, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ നിരീക്ഷകനുമായ കെ. ആർ. സുകുമാരൻ അഭിപ്രായപ്പെട്ടു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ബിജു തെക്കേവീട് അദ്ധ്യക്ഷത വഹിച്ചു. എ.സി.ഷാജി, പുന്നപ്ര ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.