 മുൻ സെക്രട്ടറി അടയ്ക്കേണ്ടത് 7.99 കോടി

ചേർത്തല:പട്ടണക്കാട് സഹകരണബാങ്കിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ ആറുജീവനക്കാരിൽ നിന്ന് തുക ഈടാക്കാൻ സഹകരണ വകുപ്പ് തീരുമാനം.16.21 കോടിയാണ് മുൻ സെക്രട്ടറിയടക്കമുള്ള 15 ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിക്കുന്നത്. തുക ഈടാക്കാൻ നിശ്ചയിച്ച സാഹചര്യത്തിൽ നിലവിലെ ഭരണസമിതിയിലുള്ള പ്രസിഡന്റടക്കം നാലുപേരെ അയോഗ്യരാക്കി ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കി.
തട്ടിപ്പു നടന്ന കാലയളവിൽ ഭരണസമിതിയംഗങ്ങളായിരുന്ന, ഇപ്പോൾ ഭരണസമിതിയിലുള്ള എം.കെ.ജയപാൽ (നിലവിൽ പ്രസിഡന്റ്), വി.കെ.രാജു, പി.കെ.നസീർ,ആർ.ഡി.രാധാകൃഷ്ണൻ എന്നിവരെയാണ് അയോഗ്യരാക്കിയത്. സർചാർജ്ജ് നടപടികളിൽ നിന്നൊഴിവാക്കണമെന്നുകാട്ടി നൽകിയ അപ്പീലുകൾ തള്ളിയാണ് ഉത്തരവ്.
2015 നവംബറിലാണ് സംസ്ഥാനതലത്തിൽ തന്നെ കോളിളക്കമുണ്ടാക്കിയ സഹകരണബാങ്ക് തട്ടിപ്പു നടന്നത്.കാലങ്ങളായി കോൺഗ്രസ് നേതൃത്വത്തിലാണ് ബാങ്ക് ഭരണം.അപ്പീലുകൾ തള്ളിയതടക്കം മൂന്നു നടപടികളിലായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. 2017 ഏപ്രിൽ ഒന്നു മുതൽ 24 ശതമാനം പലിശ കണക്കാക്കിയാണ് തിരിച്ചടയ്ക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്.

 ഈടാക്കുന്ന തുക

ആർ.പുരുഷോത്തമഷേണായി (മുൻ പ്രസിഡന്റ് ):8.79 ലക്ഷം, എം.കെ.ജയപാൽ (പ്രസിഡന്റ്): 4,37,33, ഭരണസമിതിയംഗങ്ങളായ സി.കെ.ഉദയൻ, വി.കെ.രാജു, പി.കെ.നസീർ, സി.എൻ.സുബ്രഹ്മണ്യൻ, ആർ.ഡി.രാധാകൃഷ്ണൻ എന്നിവർ 7.17 ലക്ഷം വീതം, മുൻ ഭരണസമിതിയംഗങ്ങളായ ഏത്തമ്മകുട്ടപ്പൻ,റജിമോൻ എന്നിവർ 6.38 ലക്ഷം വീതം, ജീവനക്കാരിൽ മുൻ സെക്രട്ടറി ടി.വി.മണിയപ്പൻ 7.99 കോടി, മുൻ ജീവനക്കാരി പി.എം.കുഞ്ഞുഖദീജ 4.07 കോടി, ഷീബാകുമാരി 68.57 ലക്ഷം, മുൻ ജീവനക്കാരായ ബി.അരവിന്ദ് 1.97 കോടി, സി.എ.സജീവൻ 73.01 ലക്ഷം, കെ.പി.ഗിരീഷ് കുമാർ 12.88 ലക്ഷം എന്നിങ്ങനെയാണ് തിരിച്ചടയ്ക്കേണ്ടത്.

തുക ഈടാക്കുന്നതിനായി റവന്യു ആസ്തി വിവരങ്ങൾ ശേഖരിച്ചു നടപടി സ്വീകരിക്കാൻ ബാങ്ക് ഭരണ സമിതിക്കു ജില്ലാ ജോയിന്റ് രജിസ്ട്രാർ ഉത്തരവു നൽകിയിട്ടുണ്ട്.