അമ്പലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ അമ്പലപ്പുഴ സംഘത്തിന്റെ ഈ വർഷത്തെ ശബരിമല തീർത്ഥാടനം അവലോകനം ചെയ്യുന്നതിനായി സംഘം ഭരണസമിതിയുടെയും, കരപ്പെരിയോൻമാരുടെയും സംയുക്ത യോഗം നടന്നു.

ആചാര അനുഷ്ഠാനങ്ങൾ മുറതെറ്റാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനുള്ള അനുവാദത്തിനായി ദേവസ്വം ബോർഡിൽ നിവേദനം നൽകി. നിവേദനത്തിലെ പ്രധാന വിഷയങ്ങൾ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരും ഏഴ് കരപ്പെരിയോന്മാരും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കേണ്ടതിനാൽ പ്രായപരിധി നോക്കാതെ അവർക്ക് തീർത്ഥാടനാനുമതി നൽകുക,എരുമേലി പേട്ടതുള്ളൽ, പമ്പ സദ്യ, നെയ്യഭിഷേകം, എള്ള് നിവേദ്യം, ശീവേലി എന്നീ ചടങ്ങുകൾക്ക് ക്രമീകരണം ചെയ്യുക, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന പത്തിനും അറുപതിനും ഇടയിൽ പ്രായമുള്ള അംഗങ്ങളെ എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് തീർത്ഥാടനത്തിന് അനുവദിക്കുക, തീർത്ഥാടനത്തിന് മുന്നോടിയായി 60ൽ പരം വർഷങ്ങളായി അമ്പലപ്പുഴ ക്ഷേത്രത്തിൽ മുടക്കം കൂടാതെ നടന്നു വരുന്ന ആഴി പൂജ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിന് അനുവാദം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.

51 ദിവങ്ങളിലായി നടക്കുന്ന അന്നദാനവും രഥ ഘോഷയാത്രയും കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കാൻ തീരുമാനിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒഴികെ മറ്റുള്ള ക്ഷേത്രങ്ങളിലെ ആഴി പൂജകൾ ക്ഷേത്രം ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നു അനുവാദം വാങ്ങുന്നതിന്റെ അടിസ്ഥാനത്തിൽ ആചാരപരമായ ചടങ്ങ് നിർവഹണം മാത്രമായി നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി എൻ. മാധവൻ കുട്ടി നായർ, ട്രഷറർ കെ. ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.