
ആലപ്പുഴ: നഗരത്തിലെ ഹോൾസെയിൽ കടയിൽ നിന്ന് 2 ലക്ഷം രൂപയുടെ സിഗരറ്റും 15,000 രൂപയും മോഷ്ടിച്ചു. ജനറൽ ആശുപത്രി ജംഗ്ഷനിൽ ബ്രദേഴ്സ് ഹോട്ടലിന് എതിർവശം, തിരുവമ്പാടി കടവത്തുശരി വീട്ടിൽ എം.സുധീറിന്റെ ഉടമസ്ഥതയിലുള്ള ബിഎ സ്റ്റോഴ്സിലാണ് മോഷണം നടന്നത്.
കടയുടെ മുൻഭാഗത്ത് ടൈൽസ് പണി നടത്തേണ്ടതിനാൽ, സാധനങ്ങൾ പുറകുവശത്തെ മുറിയിലേക്ക് മാറ്റിവച്ചിരുന്നു. പണി നടക്കുന്നതിനാൽ കിഴക്കുഭാഗത്തുള്ള ഗേറ്റും ഷട്ടറും പൂട്ടിയിരുന്നില്ല. ഇതുവഴിയാണ് മോഷ്ടാവ് അകത്തു കയറിയത്. രണ്ട് തവണ ഇയാൾ മോഷ്ടിക്കാൻ കയറിയതായി സി.സി.ടി.വി ദൃശ്യത്തിലുണ്ട്. ആദ്യം 11.45ന് അകത്തു കയറുകയും സാധനങ്ങൾ ചാക്കിനകത്ത് കെട്ടിവയ്ക്കുകയും ചെയ്തു. തുടർന്ന് 3 മണിയോട് കൂടി രണ്ടാമതെത്തി സാധനങ്ങൾ കൊണ്ടുപോയി. ഇതിനിടെ ഇയാൾ ഷട്ടറുകളും മതിലും പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാവ് മുഖം മറച്ചിരുന്നു. എന്നാൽ കടയിൽ വിവിധ ഭാഗങ്ങളിലായി 5 കാമറകൾ സ്ഥാപിച്ചിരുന്നതിനാൽ ഇയാളുടെ ദൃശ്യങ്ങൾ ലഭിക്കാൻ എളുപ്പമായി. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.