ഹരിപ്പാട്: മുനിസിപ്പാലിറ്റിയിലെ കിള്ളിക്കാക്കുളങ്ങര -വാത്തുകുളങ്ങര-പി.എച്ച് സെന്റർ റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. തുറമുഖ വികസന വകുപ്പ് 38 ലക്ഷം മുടക്കി വാത്തുകുളങ്ങര മുതൽ മാലിക്കടവ് വരെ നിർമ്മിക്കുന്ന റോഡിന്റെ ഭരണാനുമതി ലഭിക്കുകയും വാത്തുകുളങ്ങര നിന്ന് നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
പ്രതിപക്ഷനേതാവിന്റെ പ്രതിനിധി ജോൺ തോമസ് എൽ.എസ്.ജി.ഡി എൻജിനീയർമാർ, ഹാർബർ എൻജിനീയർമാർ, നഗരസഭാ കൗൺസിലർമാരായ കെ.കെ.രാമകൃഷ്ണൻ, എം.ബി.അനിൽ മിത്ര, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തുകയും 150 മീറ്റർ ഓടയുൾപ്പെടെ നിർമ്മിക്കാനും വാത്തുകുളങ്ങര മാലിക്കടവ് റോഡ് ഹാർബർ വകുപ്പ് മുഖാന്തിരം നിർമ്മിക്കാനും ധാരണയായി.