
അമ്പലപ്പുഴ: കൊവിഡ് ബാധിച്ചു മരിച്ച ഗ്യഹനാഥന്റെ മൃതദേഹം സി.പി. എം പ്രവർത്തകർ സംസ്കരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ കോടവനയിൽ തുളസിദാസിന്റെ (കുട്ടപ്പൻ- 72) മൃതദേഹമാണ് സി.പി.എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി. വിദ്യാനന്ദന്റെ നിർദ്ദേശാനുസരണം ലോക്കൽ കമ്മിറ്റിയംഗം എൻ.ശിവകുമാർ, പി.കൃഷ്ണപിള്ള ബ്രാഞ്ചംഗങ്ങളായ എൻ. രാകേഷ്, വിനിൽ വിജയൻ, ടി.കെ.കേശവൻ ബ്രാഞ്ചംഗം എസ്.മനീഷ് എന്നിവർ ചേർന്ന് സംസ്കരിച്ചത്.
പക്ഷാഘാതം പിടിപെട്ട് ഒരു വർമായി കിടപ്പിലായിരുന്ന കുട്ടപ്പന് കഴിഞ്ഞ 19 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സമീപത്തെ സി.എഫ്.എൽ.ടി.സി യിലും പിന്നീട് 25 ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രി 12 ഓടെ മരിച്ചു. ഇതോടെ ആശങ്കയിലായ ബന്ധുക്കൾക്കും സമീപവാസികൾക്കും മുഴുവൻ സഹായവും വാഗ്ദാനം ചെയ്ത് എൻ.പി.വിദ്യാനന്ദൻ സ്ഥലത്തെത്തി. തുടർന്ന് സഹപ്രവർത്തകരെ വിവരമറിയിച്ചതോടെ ശിവകുമാറിന്റെ നേതൃത്വത്തിലുളള ഒരു സംഘം പി.പി.ഇ കിറ്റുധരിച്ച് പകൽ 2 ന് മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ വീട്ടിലെത്തിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് ബന്ധുക്കൾക്ക് അന്ത്യോപചാരമർപ്പിക്കാൻ അവസരവും ഒരുക്കി. തുടർന്ന് വൈകിട്ടോടെ സംസ്കാരം നടത്തി. ജിജിയാണ് തുളസീദാസിന്റെ ഭാര്യ. മക്കൾ: രാജേഷ്, രേഖ. മരുമക്കൾ: ആര്യ, ജയരാജ്.