പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം മെഗാ ഫുഡ് പാർക്ക് കമ്പനിയിലെ വിവാദ പൈപ്പ് ലൈൻ നീട്ടലിന് അനുമതി നൽകിയത് 2014 ൽ പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നുവെന്നും, നിർമ്മാണ കരാർ ഏറ്റെടുത്തത് ബി.ജെ.പി അരൂർ നിയോജക മണ്ഡലം നേതാവാണെന്നും സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി ആരോപിച്ചു.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നൽകിയ വിവരാവകാശ പ്രകാരമുള്ള രേഖയാണ് ഇപ്പോൾ പുതിയ ആരോപണത്തിന് തെളിവായി പുറത്ത് വരുന്നത്. 2014 മേയ് 29 നാണ് കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള ഫുഡ് പാർക്കിലെ മലിന ജലം കായലിലേക്ക് ഒഴുക്കുന്നതിനുള്ള അനുമതി ആദ്യമെത്തിയ പ്രിമിയർ ഇന്നവേറ്റീവ് ഫുഡ്സ് എന്ന സ്വകാര്യ കമ്പനിക്കാണ് നൽകിയത്. കെട്ടിട നിർമ്മാണത്തിന് മുമ്പ് തന്നെ മലിന ജലം ഒഴുക്കുന്നതിനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം നൽകിയിരുന്നുവെന്ന് വിവരാവകാശ രേഖയിൽ കാണാം. ഇപ്പോൾ 24 മത്സ്യ സംസ്കരണ യൂണിറ്റുകളാണ് പ്രവർത്തന സജ്ജമാക്കുന്നത്. പഞ്ചായത്ത് കമ്മിറ്റിയിൽ അന്ന് അനുമതി നൽകിയവർ തന്നെ ഇപ്പോൾ അനുവദിക്കുവാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകുകയാണ്. അന്ന് കരാർ ഏറ്റെടുത്തയാൾ ഇതിനായി ലോഡ് കണക്കിന് പൈപ്പും ഇവിടെ ഇറക്കി വച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം നിറുത്തി വെക്കുകയായിരുന്നു. സമരക്കാരുടെ അന്നത്തെ പ്രധാന ആവശ്യം പുറത്തേക്കു ഒഴുക്കുന്ന മലിന ജലം ട്രീറ്റ്മെന്റ് ചെയ്യണമെന്നും അഴിമതി പുറത്തു കൊണ്ടുവരണമെന്നുമായിരുന്നു. വസ്തുതകൾ ഇതായിരിക്കെ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സമരം നടത്തുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നു സി.പി.എം ചേർത്തല ഏരിയാ സെക്രട്ടറി കെ.രാജപ്പൻ നായർ പറഞ്ഞു.