
 സമർപ്പണം കേരളപ്പിറവി ദിനത്തിൽ
മാവേലിക്കര: ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെ നേർച്ചിത്രങ്ങൾ ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയായി. കേരളപ്പിറവി ദിനത്തിൽ മ്യൂസിയം മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിക്കും.
ഒരു സ്ഥലത്തിന്റെ സാംസ്‌കാരിക, ചരിത്ര, പൈതൃകങ്ങളെ ഉൾപ്പെടുത്തിയുള്ള മ്യൂസിയം നിർമ്മാണം കേരളത്തിൽ തന്നെ ആദ്യമാണ്. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി മികവാർന്ന രൂപത്തിൽ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച അന്തർ സംസ്ഥാന പഠനയാത്ര ഫണ്ട് വിനിയോഗിച്ചാണ് മ്യൂസിയ നിർമ്മാണം നടത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവെച്ച പഠനയാത്രാഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന മ്യൂസിയം ഭാവിയിൽ ഒരു പഠനഗവേഷണ കേന്ദ്രമായി വരും തലമുറയ്ക്കും ചരിത്ര ഗവേഷണ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. ശിൽപ്പിയും ചിത്രകാരനുമായ അനിൽ കട്ടച്ചിറയാണ് രൂപകൽപ്പനയും നിർമ്മാണവും നടത്തിയത്.
മാവേലിക്കരയിലെ പുത്രച്ച ശിൽപ്പത്തിന്റെ മാതൃകയിലുള്ള ആൽമരത്തണലിൽ പ്രാർത്ഥനയോടെ ഇരിക്കുന്ന ബുദ്ധ ശിൽപ്പമാണ് മുൻനിരയിൽ. പഴയകാല ഒർമകളിൽ മാത്രമൊതുങ്ങുന്ന തുളസിത്തറയും കടന്ന് പടികൾ കയറി ചെല്ലുന്നിടത്ത് തുടങ്ങുകയാണ് ഓണാട്ടുകരയുടെ കാർഷിക പൈതൃക സാംസ്‌കാരിക മ്യൂസിയം. ഓണാട്ടുകരയിൽ സർവ്വസാധാരണമായിരുന്ന പശുത്തൊഴുത്ത്, മാടക്കട, ചുമട് ഇറക്കിവെക്കുവാൻ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ചുമടുതാങ്ങി, പടിപ്പുരയോട് ചേർന്നുണ്ടായിരുന്ന പ്രാവിൻകൂട്, കൈവണ്ടി, ചക്രം, അറ, പെട്ടിപ്പറ എന്നിവ പ്രവേശന കവാടത്തിൽ തന്നെ ഒരുക്കിയിരിക്കുന്നു. കൂടാതെ കാർഷിക ഉപകരണങ്ങളായ കലപ്പ, ചക്രം, മത്ത്, തുടം, വെറ്റിലചെല്ലം, തുപ്പൽ കോളാമ്പി, പഴയ അളവുതൂക്ക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി 150ൽ പരം ഇനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
 ചരിത്രബോർഡുകളും
ഓണാട്ടുകരയുടെ ചരിത്രവും മൺമറഞ്ഞുപോയ മഹത് വ്യക്തിത്വങ്ങളും നാഴികക്കല്ലുകളും വ്യക്തമാക്കുന്ന 50 ചരിത്ര ബോർഡുകളും മ്യൂസിയത്തിനുള്ളിൽ പ്രദർശിപ്പിച്ചട്ടുണ്ട്. ഇതോടൊപ്പും ഓണാട്ടുകരയിലെ പ്രധാന നിർമ്മിതികളുടെയും കാർഷിക ഉത്സവങ്ങളുടേയും ചിത്രങ്ങളും ഇടംപിടിക്കുന്നുണ്ട്. മൺമറഞ്ഞുപോയവയെ നാളേയ്ക്ക് പരിചയപ്പെടുത്തുകയും പഠനവിഷയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് രൂപപ്പെടുത്തിയ ആശയങ്ങളാണ് മ്യൂസിയമായി യാഥാർത്ഥ്യമായിരിക്കുന്നത്.