
ആലപ്പുഴ: കരുനാഗപ്പള്ളി മുതൽ കുമ്പളം വരെയുള്ള തൊഴിലാളി കുടുംബങ്ങൾ ആശ്രയിക്കുന്ന, ആലപ്പുഴ ബീച്ചിനു സമീപത്തെ ഇ.എസ്.ഐ ആശുപത്രി ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത നിമിത്തം വലയുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെത്തന്നെ ബാധിക്കുന്നുണ്ട്. മതിയായ ജീവനക്കാരെ നിയമിച്ച് 50 കിടക്കകളുള്ള ആശുപത്രിയുടെ നിലവാരം 100 കിടക്കകളിലേക്ക് എത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്.
അസ്ഥി,സർജറി, ജനറൽ മെഡിസിൻ, ഗൈനക്ക്, നേത്രരോഗം, ഇ.എൻ.ടി വിഭാഗങ്ങളാണ് ഇവിടുള്ളത്. പ്രവർത്തനം ആരംഭിച്ചിട്ട് അരനൂറ്റാണ്ടായി. എല്ലാ ഡിപ്പാർട്ട്മെന്റിലും ഒന്നു വീതം ഡോക്ടർമാർ. 75 ലക്ഷം ചെലവഴിച്ച് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടും ഗൈനക്ക് വിഭാഗത്തിലെത്തുന്നവരെ ഡോക്ടർമാരുടെ കുറവ് കാരണം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ജില്ലയിൽ ഇ.എസ്.ഐ അംഗീകൃത സ്വകാര്യ ആശുപത്രികൾ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. 70 കിലോമീറ്റർ അകലെ എറണാകുളം, കോട്ടയം ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് റഫർ ചെയ്യുന്നത്. ഇവിടങ്ങളിലെ ചികിത്സയ്ക്ക് ചെലവാകുന്ന തുക ഇ.എസ്.ഐ കോർപ്പറേഷൻ പിന്നീട് തിരികെ നൽകും.
തുടക്കത്തിൽ പ്രതിമാസം 50ൽ താഴെ രോഗികൾ എത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ പ്രതിദിനം 200ൽ അധികം പേരെത്തുന്നു. എട്ട് വർഷമായി റേഡിയോളജിസ്റ്റില്ല. ആശുപത്രിയുടെ അടുത്തായി ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തിക്കുന്നുണ്ട്. ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങൾ പ്രവർത്തിക്കാത്തതുമൂലം തുരുമ്പെടുത്ത് നശിക്കുകയാണ്. എക്സ് റേ, അൾട്രാ സൗണ്ട് സ്കാൻ, ഗൈനക്ക് വിഭാഗത്തിലെ മെഷീൻ, സോളാർ പാനൽ എന്നിവയാണ് നശിക്കുന്നത്.
 വേണം പുതിയ ബ്ളോക്ക്
ഇപ്പോഴത്തെ കെട്ടിടം പൂർണ്ണമായും കിടത്തി ചികിത്സയ്ക്കായി നീക്കി വയ്ക്കണം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ ഒ.പി, ഫാർമസി, ഓഫീസ് വിഭാഗം, ഓപ്പറേഷൻ തീയേറ്റർ, ബീച്ച് ഡിസ്പെൻസറി, കൂട്ടിരിപ്പുകാർക്ക് വിശ്രമ കേന്ദ്രം എന്നീ വിഭാഗങ്ങൾക്കു വേണ്ടി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ പദ്ധതി വേണം. അഞ്ചു നില കെട്ടിട സമുച്ചയത്തിന് 30 കോടി ചെലവ് വരും. എന്നാൽ എട്ട് ഏക്കർ സ്വന്തമായി ഉള്ളതിനാൽ മറ്റ് സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല.
 മരുന്ന് നശിക്കുന്നു
ഫാർമസി പ്രവർത്തിക്കുന്ന മുറികളിൽ 25 ഡിഗ്രിയിൽ താഴെ ഊഷ്മാവാണ് വേണ്ടത്. ആശുപത്രി ഫാർമസിയിലെ മുറിയിൽ 40 ഡിഗ്രിയിൽ കൂടുതൽ ഊഷ്മാവ് ഉള്ളതിനാൽ ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകളുടെ ഗുണനിലവാരം കുറയും. ഇത് രോഗികൾക്ക് ഗുണകരമാകില്ല. ഇടുങ്ങിയ മുറിയായതിനാൽ ശീതീകരണ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ല.
 പരിസരം കാടുകയറി
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം പെയിന്റടിച്ച് വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, മേൽക്കൂരയിലെ കമ്പികൾ തുരുമ്പിച്ച അവസ്ഥയിലാണ്. കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നു വീഴുന്നത് പതിവായി. ആശുപത്രി പരിസരത്ത് കുറ്റിക്കാട് പടർന്നതിനാൽ ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയും ശല്യവുമുണ്ട്. ആശുപത്രി പരിസരത്ത് നിൽക്കുന്ന മരങ്ങളിൽ പലതും അപകടാവസ്ഥയിലാണ്.
....................................
പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിനായി 30 കോടിയുടെ പദ്ധതി ഒരുവർഷം മുമ്പ് ഇ.എസ്.ഐ കോർപ്പറേഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി അധികൃതർ