t

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി മുന്നണികൾ. ആഗസ്റ്റ് 5ന് പ്രഖ്യാപിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെട്ട 4000 പേരെ ഒക്ടോബറിൽ പ്രഖ്യാപിച്ച പട്ടികയിൽ നിന്ന് ഒഴിവാക്കിയതയും 10000 ത്തിൽ അധികം ഇരട്ടവോട്ടുകൾ കണ്ടെത്തിയതായും കോൺഗ്രസ് ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് രേഖകൾ സഹിതം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മിഷന് ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എം. മുരളി എന്നിവർ നേരിട്ട് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മിഷന് വസ്തുത ബോദ്ധ്യമായതായും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് കമ്മിഷൻ അറിയിച്ചതായും ലിജു പറഞ്ഞു. ചില വാർഡുകളിൽ അനധികൃതമായി ആളുകളെ തിരുകിക്കയറ്റിയതായി എൽ.ഡി.എഫ് ആരോപിക്കുന്നു. അപൂർവ്വം വാർഡുകളിൽ വിജയിക്കുന്ന ചില പാർട്ടികളാണ് ഇതിന് പിന്നിലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ കുറ്റപ്പെടുത്തി. മറ്റ് വാർഡുകളിൽ വോട്ടുള്ളവരെയാണ് ക്രമക്കേടിലൂടെ ഏതാനും വാർഡുകളിലെ വോട്ടർ പട്ടികയിൽ തിരുകി കയറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവ തിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

 വേഗത്തിൽ ജോലികൾ

നിലവിലെ തദ്ദേശ ഭരണസമിതികളുടെ കാലാവധി നവംബർ 12ന് അവസാനിക്കും. പാസായി കിടക്കുന്ന പരമാവധി ജോലികൾ ഈ തീയതിക്കുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് ഓരോ വാർഡിലും നടക്കുന്നത്.

..................................

ചില വാർഡുകളിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അവ നീക്കം ചെയ്തിട്ടില്ല. വർഗീയ പാർട്ടികൾ ജയിക്കുന്ന അപൂർവം വാർഡുകളിലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്

ആർ.നാസർ, ജില്ലാ സെക്രട്ടറി, സി.പി.എം

...........................

നിരവധി വോട്ടർമാരെ ഒഴിവാക്കുകയും തിരുകിക്കയറ്റുകയും ചെയ്തത് തെളിവ് സഹിതമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ ബോദ്ധ്യപ്പെടുത്തിയത്. വിവിധ വാർഡുകളുടെ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്

എം.ലിജു, ഡി.സി.സി പ്രസിഡന്റ്