t

ആലപ്പുഴ: ജില്ലയിലെ കായിക പ്രേമികളുടെ പ്രതീക്ഷയായിരുന്ന ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം പാതിവഴിയിൽ കിതയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. കിഫ്ബി സഹായത്തോടെ 8.62 കോടി മുടക്കി സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും വസ്തു ഉടമകളായ ആലപ്പുഴ നഗരസഭ ധാരണാപത്രം ഒപ്പിടാൻ തയ്യാറാവുന്നില്ല.

സർക്കാരിന്റെ പണം നഗരസഭയ്ക്കു നൽകുമ്പോൾ സർക്കാരുമായി ധാരണാപത്രം ഒപ്പിടണമെന്ന നിബന്ധന അംഗീകരിക്കാൻ നഗരസഭാ നേതൃത്വത്തിന് അത്ര താത്പര്യമില്ല. ധാരണയുണ്ടായാൽ മാത്രമേ ഈ പണം ഉപയോഗിച്ച് സ്റ്റേഡിയം നിർമ്മാണം പുനരാരംഭിക്കാൻ കഴിയൂ. സ്റ്റേഡിയം പൂർത്തിയാവുമ്പോൾ പരിപാലനച്ചെലവ് താങ്ങാൻ നഗരസഭയ്ക്കു കഴിയില്ല. അതുകൊണ്ട് പരിപാലനകാര്യം സ്പോർട്സ് കൗൺസിലിനു കൈമാറണമെന്നത് ധാരണാപത്രത്തിലെ ഒരു നിബന്ധനയായിരുന്നു. നിലവിൽ സ്റ്റേഡിയത്തിലെ കടമുറികളുടെ വാടക നഗരസഭയാണ് വാങ്ങുന്നത്.

പരിപാലന കമ്മിറ്റി തിരഞ്ഞെടുപ്പും നഗരസഭയ്ക്ക് അത്ര ദഹിച്ചില്ല. നഗരസഭ ചെയർമാൻ ചെയർമാനും സെക്രട്ടറി കൺവീനറും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റും ഏതാനും അംഗങ്ങളുമുള്ള കമ്മിറ്റിയാണ് സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ നിരുപാധികമായി നവീകരണ പ്രവർത്തനങ്ങൾ വിട്ടുനൽകണമെന്നാണ് നഗരസഭയുടെ ആവശ്യം. സ്പോർട്സ് ആവശ്യത്തിന് സൗജന്യമായി സ്റ്റേഡിയം വിട്ട് നൽകാൻ നഗരസഭ തയ്യാറാണെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. നിലവിൽ മഴ പെയ്താൽ ഗ്രൗണ്ടിന്റെ പകുതിയിലേറെ ഭാഗം കുളമാകും. നിലവിൽ വ്യാപാര മേളകളല്ലാതെ കായിക രംഗവുമായി ബന്ധപ്പെട്ട ഇനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല.

 ലക്ഷ്യം പാളുന്നു

ഇ.എം.എസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നു. എട്ടുവരി സിന്തറ്റിക് ട്രാക്കോടുകൂടിയ ഫുട്‌ബോൾ മൈതാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ആധുനിക ഫുട്‌ബോൾ മൈതാനം, ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ,കോൺഫറസ് ഹാൾ,കായിക താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം തുടങ്ങിയവ സാക്ഷാത്കരിക്കും.
............................

ഞങ്ങൾക്കു ലഭിക്കേണ്ട അവകാശം വിട്ടുനൽകിയുള്ള നിർമ്മാണത്തിന് നഗരസഭ തയ്യാറല്ല. ഒന്നാംഘട്ട നവീകരണത്തിന് 13 കോടി സർക്കാർ നഗരസഭയ്ക്ക് കൈമാറുകയായിരുന്നു. ഇതേപോലെ നിരുപാധികമായി രണ്ടാംഘട്ട നവീകരണത്തിന് അനുമതി നൽകണം. ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സ്റ്റേഡിയം യാഥാർത്ഥ്യമാക്കും. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നു രണ്ട് കോടി നീക്കി വച്ചിട്ടുണ്ട്

ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ

.............................

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇ.എം.എസ് സ്റ്റേഡിയം നവീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴയിലെ കായിക താരങ്ങൾക്ക് കൂടുതൽ അവസരം ലഭ്യമാകും. ആര് നിർമ്മാണം നടത്തിയാലും സ്പോർട്സ് കൗൺസിലിന് പ്രശ്നമില്ല. സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമായാൽ മതി

പി.ജെ. ജോസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്