a

മാവേലിക്കര: അയ്യൻകാളി പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കും മുമ്പ് അച്ഛൻ അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോൾ, പതറിപ്പോയില്ല മകൻ അനൂപ്. അച്ഛന്റെ സ്മരണകൾക്കു മുന്നിൽ ആദ്യം സമർപ്പിച്ച ശില്പം മാന്നാർ കുട്ടംപേരൂർ കെ.പി.എം.എസ് ശാഖയ്ക്ക് നാളെ കൈമാറും.

കൊച്ചിക്കൽ തെക്കേപടനിലത്ത് ശില്പാലയത്തിൽ ആർട്ടിസ്റ്റ് വി.കുഞ്ഞുകുഞ്ഞിന്റെ മകനാണ് കെ.അനൂപ്. 8 വർഷം മുമ്പാണ് കെ.പി.എം.എസ് ശാഖയ്ക്കുവേണ്ടി അയ്യൻകാളിയുടെ ആറര അടി ഉയരമുള്ള കോൺക്രീറ്റ് ശില്പത്തിന്റെ നിർമ്മാണം കുഞ്ഞുകുഞ്ഞ് ആരംഭിച്ചത്. അവസാന ഘട്ടത്തിലെത്തവേ കഴിഞ്ഞ ജൂലായ് 23ന് ഹൃദയസ്തംഭനത്തെ തുടർന്ന് കുഞ്ഞുകുഞ്ഞ് മരിച്ചു.

അച്ഛന്റെ ശിക്ഷണത്തിലാണ് അനൂപ് ശില്പകല അഭ്യസിച്ചത്. പ്രാഥമിക വിദ്യാലയം മുതൽ ഹൈസ്കൂൾ തലം വരെ ശില്പകലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും അനൂപ് കരസ്ഥമാക്കിയിട്ടുണ്ട്. അച്ഛനെ സഹായിക്കാൻ തുടർന്നുള്ള കാലഘട്ടം വിനിയോഗിച്ചതിനാൽ തുടർവിദ്യാഭ്യാസത്തിന് തടസം നേരിട്ടു. ഇപ്പോൾ പെയിന്റിംഗ്, പൂന്തോട്ട ജോലികൾ ചെയ്യുന്ന അനൂപ് ശില്പകലയിൽ സ്ഥിരമായി തൊഴിൽ ലഭിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്. അയ്യൻകാളി പ്രതിമ നിർമ്മാണത്തിൽ അനൂപിന്റെ സഹോദരി ശില്പയുടെ ഭർത്താവ് ചന്തുവും ഒപ്പമുണ്ടായിരുന്നു.

കുഞ്ഞുകുഞ്ഞ് മാവേലിക്കര രാജാ രവിവർമ്മ സ്കൂൾ ഒഫ് ആർട്സിൽ നിന്നു പ്രതിമ നിർമ്മാണത്തിൽ പോസ്റ്റ് ഡിപ്ലോമ രണ്ടാം റാങ്കോടെ വിജയിച്ച ശേഷം വിവിധ സ്ഥാപനങ്ങളിൽ ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്നു. ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ആയും പ്രവർത്തിച്ചിട്ടുണ്ട്. വണ്ടർലായിലെ ചെറു ശില്പങ്ങൾ സഹിതം കേരളത്തിലുടനീളം ധാരാളം ക്ഷേത്ര ശില്പങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്.
അച്ഛന്റെ അന്തിമാഭിലാഷം സാക്ഷാത്കരിക്കാൻ അനൂപിനു കഴിഞ്ഞതിൽ സന്തോഷത്തിലാണ് അമ്മ വി.ടി.വിജയകുമാരി. കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന മലബാർ ക്രാഫ്റ്റ് മേളയിൽ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. പേപ്പർ പൾപ്പിൽ ശില്പങ്ങൾ നിർമ്മിക്കുകയും എംബ്രോയ്ഡറി വർക്കുകളും ഇവർ ചെയ്തു കൊടുക്കാറുണ്ട്. വിജയകുമാരിയും മകൾ അർച്ചനയും ചേർന്ന് ഹാൻഡിക്രാഫ്റ്റ് സ്ഥാപനം നടത്തുകയാണ്. അനേകം പ്രദർശന മേളകളിൽ ഇവർ നിർമ്മിച്ച ശില്പങ്ങളുടെ പ്രദർശനവും വില്പനയും നടത്തിയിട്ടുണ്ട്.