santhosh

മാന്നാർ: ട്രെയിൻ യാത്രയ്ക്കിടെ പൊലീസുകാരൻ എന്ന് പരിചയപ്പെട്ടു സൗഹൃദത്തിലായ ശേഷം വീട്ടമ്മയുടെ ബാഗിൽ നിന്ന് 11,000 രൂപ മോഷ്ടിച്ചു കടന്നയാളെ ഏഴു മാസത്തിനു ശേഷം മാന്നാറിൽ നിന്ന് അറസ്റ്റ് ചെയ്തു. മാന്നാർ ഇരമത്തൂരിൽ താമസിച്ചിരുന്ന ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെയാണ് (44) തൃശൂർ റയിൽവേ പൊലീസ് മാന്നാറിൽ എത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്ത് നിന്നു പാലക്കാട്ടേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ പണമാണ് പ്രതി മോഷ്ടിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ആണെന്നു പറഞ്ഞ് പരിചയപ്പെട്ടു സൗഹൃദത്തിലാകുകയും തൃശൂർ എത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകാനായി പോയപ്പോൾ ബാഗിൽ നിന്ന് പണമെടുത്ത് കളയുകയായിരുന്നു. വീട്ടമ്മ പാലക്കാട് എത്തിയതിനു ശേഷമാണു പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സൗഹൃദത്തിൽ ആയ ശേഷം പ്രതി മൊബൈൽ നമ്പർ വീട്ടമ്മയ്ക്ക് നൽകിയിരുന്നു. നമ്പർ വെച്ചുള്ള അന്വേഷണത്തിന് പ്രതി പിടിയിലാകുന്നത്. ഇരമത്തൂരിൽ നിന്നാണ് ഇയാൾ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം മാന്നാറിൽ എത്തിയ റെയിൽവേ പൊലീസ് സംഘം മാന്നാർ പൊലീസ് അഡിഷണൽ എസ്.ഐ ജോൺ തോമസ്, സി.പി.ഒ സിദ്ദിഖ് എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ റയിൽവേ പൊലീസ് എസ്.ഐ രതീഷ്, സി.പി.ഒ മാരായ ലാലു, ഡേവിസ് എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.