ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഓഫീസിലെ കെട്ടിടസമുച്ചയത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ബേക്കറി പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത മുനിസിപ്പൽ ഭരണാധികൾക്കെതിരെ പ്രതിഷേധവുമായി എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി.

കെട്ടിട സമുച്ചയത്തിലെ മറ്റ് കച്ചവടക്കാരുൾപ്പെടെ ചേർത്തല യൂണിയന് നൽകിയ പരാതിയെ തുടർന്ന് അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.എന്നാൽ നഗരസഭ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യൂണിയൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.2019 ജൂലായിൽ പുതിയ ഭരണ സമിതി വന്ന് ആറ് മാസത്തിനു ശേഷമാണ് പരാതി ലഭിക്കുന്നത്.ബേക്കറിയായി പ്രവർത്തനം ആരംഭിച്ച കടമുറിയിൽ ഹോട്ടൽ പ്രവർത്തനങ്ങളും തുടങ്ങിയതോടെയാണ് പരാതി ഉയർന്നത്. മത്സ്യ,മാംസാദികൾ ഉൾപ്പെടെ ഇവിടെ പാചകം ചെയ്യുന്നതിനെതിരെയാണ് പരാതി. യൂണിയൻ അങ്കണത്തിലെ ഗുരുക്ഷേത്രത്തിലേക്കു വരെ ഇതിന്റെ അവശിഷ്ടങ്ങൾ മഴക്കാലത്ത് ഒഴുകി എത്തുന്ന അവസ്ഥയുണ്ടായി.

ഈ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂണിയൻ ഭരണ സമിതി പരാതിയുമായി കോടതിയെ സമീപിച്ചത്.ഹൈക്കോടതി കെട്ടിടത്തിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ സെപ്തംബർ 16ന് ഉത്തരവ് ഇറക്കിയിരുന്നു.ഒന്നര മാസം പിന്നിട്ടിട്ടും ഹൈക്കോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കാത്തതിനാലാണ് സംരക്ഷണ സമിതി പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. നാളെ രാവിലെ 11ന് മുനിസിപ്പൽ ഓഫീസിന് മുന്നിലാണ് പ്രതിഷേധ സമരം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന സമരം രക്ഷാധികാരി പി.ഡി.ലക്കി ഉദ്ഘാടനം ചെയ്യും.അനധികൃത നിർമ്മാണം പൊളിച്ചു നീക്കുന്നതു വരെ സമരം തുടരുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.ഡി.ലക്കി,സെക്രട്ടറി ജയൻ സുരേന്ദ്രൻ,നവീൻ പറയകാട്,രാജീവ് ശ്രീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.