
ആലപ്പുഴ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംരംഭകരുടെ വിവിധ ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കാനായി വിപണന മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ വിപണന പോർട്ടലായ www.kudumbashreebazaar.com ലൂടെ വൻ വിലക്കുറവിലും ലാഭത്തിലും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ സ്വന്തമാക്കാമെന്നാണ് അധികൃതർ നൽകുന്ന വാഗ്ദാനം.
കുടുംബശ്രീ ഉത്സവ് എന്ന പേരിലാണ് വിപണനമേള ഒരുക്കുന്നത്. ജില്ലയിലെ 300ഓളം സംരംഭകരുടെ 1200 ഓളം ഉത്പന്നങ്ങൾ പോർട്ടലിലൂടെ വാങ്ങാനാവും. 4 മുതൽ 19 വരെയാണ് കുടുംബശ്രീ ഉത്സവ്. 200 രൂപയ്ക്ക് മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇന്ത്യയിലെവിടെയും ഡെലിവറി ചാർജ്ജില്ലാതെ സാധനങ്ങൾ എത്തിച്ച് നൽകും. പോസ്റ്റൽ വകുപ്പുമായി ചേർന്നാണ് സൗകര്യം ഒരുക്കുന്നത്. 600ലേറെ ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട്, 1000 രൂപയ്ക്ക് മുകളിൽ വാങ്ങിയാൽ 10 ശതമാനം അധിക ഡിസ്‌കൗണ്ട്, 3000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട് എന്നിവയുണ്ട്. സംരംഭകർ നേരിട്ട് നൽകുന്ന പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.
ആദ്യം ഉത്പന്നങ്ങൾ വാങ്ങുന്ന 100 പേർക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കം. ആദ്യ 200 പേർക്ക് 5 ശതമാനം ഡിസ്‌കൗണ്ടും വിപണന മേളയുടെ പ്രധാന ആകർഷണങ്ങളാണ്. മേളയുടെ ഉദ്ഘാടനം നവംബർ നാലിന് മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിക്കും. കരകൗശല വസ്തുക്കൾ, അച്ചാർ, വിവിധ ഇനം ചിപ്സ്, തവ ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയെല്ലാം കുടുംബശ്രീ ബസാറിലൂടെ ലഭ്യമാണ്.
............................
കുടുംബശ്രീ ഉത്സവ് ഓൺലൈൻ വിപണനമേളയിലൂടെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വൻ വിലക്കിഴിവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. മേള വിജയമാക്കിത്തീർക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
കുടുംബശ്രീ അധികൃതർ