abdul-khadar

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ പോസ്റ്റർ ഒട്ടിച്ച് വരുമാനവും അധിക വരുമാനവും കണ്ടെത്തിയിരുന്ന ഒരു വിഭാഗം തൊഴിലാളികൾ വലിയ സന്തോഷത്തിലാണ്. പൊതുപരിപാടികൾ ഇല്ലാതാക്കി തങ്ങളെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച കൊവിഡിനെ തുരത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് രക്ഷിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മാസങ്ങളായി സിനിമാശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ സിനിമാ പോസ്റ്റർ ഒട്ടിക്കൽ നിലച്ചു. തിരഞ്ഞെടുപ്പ് എത്തുന്നതോടെ തൊഴിൽ നഷ്ടത്തിന് മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ 50 വർഷമായി പോസ്റ്ററുകൾ ഒട്ടിച്ച് ഉപജീവനം നടത്തുന്ന വലിയമരം സ്വദേശി അബ്ദുൾ ഖാദർ പറയുന്നു. നൂറ് സിനിമാ പോസ്റ്ററുകൾ പതിച്ചാൽ അഞ്ഞൂറ് രൂപയും, രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ ഒട്ടിച്ചാൽ അറുന്നൂറ് രൂപയുമാണ് പ്രതിഫലം. പോസ്റ്ററുകളുടെ വലിപ്പമനുസരിച്ച് പ്രതിഫലത്തിൽ വ്യത്യാസം വരും. ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ വരുമാനം പൂർണമായും നിലച്ച അവസ്ഥയാണ്. വലിയ പരിപാടികളില്ല. സാമൂഹിക അകലത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രചാരണത്തിന് പോസ്റ്ററുകളെ ആരും ആശ്രയിക്കുന്നില്ല. പകരം നവ മാദ്ധ്യമങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നവരുമുണ്ട്. ഇങ്ങനെ പ്രതീക്ഷകൾ നഷ്ടപ്പെട്ട പത്ത് മാസങ്ങളാണ് കടന്നു പോയതെന്ന്‌ പോസ്റ്റർ ഒട്ടിക്കൽ തൊഴിലാളിയായ ഷാജി പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കും വേണ്ടി ജോലിക്കിറങ്ങുന്നത് മിക്കവാറും ഒരേ സംഘങ്ങൾ തന്നെയാവും. വീട്ടിൽ നിന്ന് കാച്ചിക്കുറുക്കി ബക്കറ്റിലാക്കിയ മൈദ പശയുമായി സൈക്കിളിലാണ് മിക്കവരുടെയും യാത്ര. എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്ത് രാപകൽ വ്യത്യാസമില്ലാതെ തൊഴിലെടുക്കും.

 ന്യൂജെൻ പാര

പ്രചാരണങ്ങൾ നവ മാദ്ധ്യമങ്ങളിലേക്ക് കൂടുമാറിയതും നിസാര പ്രതിഫലത്തിന് ജോലി ഏറ്റെടുക്കാൻ ന്യൂജെൻകാരെത്തുന്നതും തങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണെന്ന് വർഷങ്ങളായി മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചാൽ വരുമാനവും കൂടും. ഓരോ പാർട്ടിയും പുത്തൻ ആശയങ്ങൾ പലപ്പോഴും പോസ്റ്ററുകളിലാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ എ.എം. ആരിഫിന് വേണ്ടി പുറത്തിറങ്ങിയ ലൂസിഫർ പോസ്റ്റർ മെഗാഹിറ്റായിരുന്നു.

.............................

# പോസ്റ്ററുകളുടെ വലിപ്പവും എണ്ണവും അനുസരിച്ച് പ്രതിഫലം വ്യത്യാസപ്പെടും

# ഒരു സിനിമ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനാൽ പോസ്റ്ററുകളുടെ എണ്ണം ചുരുങ്ങും

..............................

പതിനാലാമത്തെ വയസിൽ ആരംഭിച്ച തൊഴിലാണ് ഇന്നും തുടരുന്നത്. ലോക്ക് ഡൗൺ മുതൽ വരുമാനം ഇല്ലാതായി. തിരഞ്ഞെടുപ്പ് കാലമാണ് ഇനി പ്രതീക്ഷ

അബ്ദുൾ ഖാദർ