കായംകുളം: സംസ്ഥാന സർക്കാരിന്റെ വ്യാപാര നയങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 3 ന് രാവിലെ 10 മുതൽ 12 വരെ കായംകുളം നിയോജകമണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങളിലും പ്രധാനപ്പെട്ട ജംഗ്ഷനുകളിലും അഞ്ചുപേരെ വീതം ഉൾപ്പെടുത്തി ധർണ നടത്തും.
ഉച്ചയ്ക്ക് 12 വരെ വ്യാപാരം നിറുത്തിവച്ചുകൊണ്ട് ഉടമകളും തൊഴിലാളികളും ധർണ്ണയ്ക്ക് പിന്തുണ നൽകും. 11 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്ളക്കാർഡുകൾ ഉയർത്തിയാണ് ധർണ്ണ നടത്തുന്നത്. കായംകുളം യൂണിറ്റിൽ നടക്കുന്ന ധർണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് സിനിൽസബാദും കണ്ടല്ലൂരിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ഭദ്രകുമാറും, പത്തിയൂരിൽ ട്രഷറർ പ്രഭാകരൻ പത്തിയൂരും, ചെട്ടികുളങ്ങരയിൽ യൂണിറ്റ് പ്രസിഡന്റ് ബിജുതമ്പിയും, കാക്കനാട് യൂണിറ്റിൽ സെക്രട്ടറി ബാബുജി കാക്കനാടും, കുറ്റിത്തെരുവ് യൂണിറ്റിൽ വൈസ് പ്രസിഡന്റ് വിനോദ് ശക്തിയും ഭരണിക്കാവ് യൂണിറ്റിൽ സുരേഷ് മുഞ്ഞിനാടും, കറ്റാനം യൂണിറ്റിൽ ജോൺ ചെറുപുഷ്പവും നേതൃത്വം നൽകും.