
ആലപ്പുഴ: കടം നൽകിയ പണം തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വിലയവേലിക്കകം വീട്ടിൽ ചെല്ലപ്പന്റെ മകൻ മനോജിനാണ്(49) വെട്ടേറ്റത്. സംഭവത്തിൽ മണ്ണഞ്ചരി 22-ാം വാർഡ് തകിടിവെളിപ്പറമ്പ് വീട്ടിൽ അനിൽ കുമാർ (42), കൊറ്റംകുളങ്ങര വാഴയിൽ കിഴക്കതിൽ വീട്ടിൽ ശരത് (30) എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 29ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം പ്രതി ശരത്തിന് മനോജ് 6000 രൂപ കടം നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന് മനോജിനെ പ്രതികൾ അസഭ്യം പറഞ്ഞു. മനോജിന്റെ വീടിന് അടുത്തുള്ള ചായക്കടയിൽ പ്രതികൾ എത്തിയപ്പോൾ അവിടുണ്ടായിരുന്ന മനോജ് കടയിൽ നിന്നിറങ്ങി. ഇതിനിടെ കടയിൽ കരിക്ക് വെട്ടുന്ന വെട്ടുകത്തി ഉപയോഗിച്ച് ഒന്നാം പ്രതി അനിൽ കുമാർ വെട്ടുകയായിരുന്നു. കഴുത്താണ് ലക്ഷ്യം വച്ചതെങ്കിലും മനോജ് ഒഴിഞ്ഞു മാറിയതിനാൽ കവിളിലാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കടന്നുകളഞ്ഞ മനോജിനെ പൊലീസ് പിടികൂടുകയായിരുന്നു. മനോജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.