അമ്പലപ്പുഴ:കൊവിഡ്‌ ബാധിച്ച്‌ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം യു.എം. കബീറിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. ആന്ധ്രാപ്രദേശ്‌ സ്വദേശി നാഗരാജിന്റെ (28) മൃതദേഹമാണ് സംസ്കരിച്ചത്.

നെഞ്ചുവേദനയെ തുടർന്നാണ് നാഗരാജിനെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ മരണമടഞ്ഞ നാഗരാജിന് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ 21 ബുധനാഴ്ച്ച മരണമടഞ്ഞ നാഗരാജിന്റെ മൃതദേഹം ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മറ്റൊരു മൃതദേഹം ഏറ്റെടുത്ത്‌ സംസ്കരിക്കാൻ എത്തിയ യു.എം. കബീറിനോട്, ആശുപത്രി ജീവനക്കാർ സഹായം അഭ്യർദ്ധിച്ചു. തുടർന്ന് ഓച്ചിറയിലെ പൊതുപ്രവർത്തകരായ കബീർ, അജ്മൽ എന്നിവരുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി. 10 വർഷമായി ഓച്ചിറയിൽ താമസിച്ച്‌ ജോലി ചെയ്യുകയായിരുന്ന നാഗരാജിന്‌ ഭാര്യയും രണ്ട് മക്കളുമുണ്ട്‌.

കബീറും യൂത്ത്‌ കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ്‌ നൂറുദ്ദീൻ കോയ, ഹാഷിം വണ്ടാനം എന്നിവരും കൊവിഡ്‌ മാനദണ്ഡം പാലിച്ചുകൊണ്ട്‌ പി.പി.ഇ കിറ്റ്‌ ധരിച്ച്‌ മൃതദേഹം ഏറ്റുവാങ്ങി ചാത്തനാട്‌‌ ശ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചു. ഭാര്യയും മക്കളും സംസ്കാരച്ചടങ്ങിനു എത്തിയിരുന്നു. ഭാര്യ: നാരായണമ്മ ഭായി. മക്കൾ: ഈശ്വരി ഭായി, പുരുഷോത്തമൻ നായ്ക്.