അമ്പലപ്പുഴ:അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആനയായ വിജയകൃഷ്ണൻ മദപ്പാടിൽ ചികിത്സയിലാണെന്നും ആനയെ പരിപാലിക്കുന്നില്ല എന്ന് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്നും ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു.

മദപ്പാടിൽ നിൽക്കുന്ന ആനയ്ക്ക് കൊടുക്കേണ്ട എല്ലാ ചികിത്സകളും ഡോക്ടറുടെ പരിശോധനപ്രകാരവും നിർദേശം അനുസരിച്ചും നൽകുന്നുണ്ട്. മുൻകാലങ്ങളിലും ആനയെ മദപ്പാടിൽ കെട്ടുമ്പോൾ ചങ്ങല വലിഞ്ഞ് വ്രണം ഉണ്ടാവുകയും പിന്നെ ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസ്ഥയിൽ മയക്കി ചങ്ങല മാറ്റാൻ ശ്രമിച്ചാൽ ആനയ്ക്കു പിന്നീട് ക്ഷീണവും മറ്റു പ്രശ്നങ്ങളും ഉണ്ടാവും. അടുത്ത കാലിലേക്ക് ചങ്ങല മാറ്റിയാൽ ആ കാലിലും നീരുവന്നു ആനയ്ക്കു നിൽക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാവാം. ഇപ്പോൾ മരുന്നുകൾ നൽകി വ്രണം ഉണങ്ങിതുടങ്ങി. വനം വകുപ്പ് വന്ന് ആനയെ കസ്റ്റഡിയിൽ കൊണ്ടുപോയാൽ പിന്നെ അടുത്തകാലത്തൊന്നും തിരികെ കിട്ടില്ല. ഇവിടെ കിട്ടുന്നത്ര പരിചരണം കിട്ടുകയുമില്ല. ഇപ്പോൾ നൽകുന്ന ചികിത്സാ പരിചരണങ്ങൾ അനുസരിച്ച് അടുത്ത പന്ത്രണ്ടു കളഭം ഉത്സവത്തിനു മുൻപ് ആനയെ എഴുന്നള്ളിക്കാൻ പറ്റുമെന്നും ഉപദേശകസമിതി അറിയിച്ചു.