ആലപ്പുഴ: അമ്പലപ്പുഴ- കുട്ടനാട്-തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി -തിരുവല്ല റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് പൊടിയാടിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും.ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, എം.പി മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളാകും.

കിഫ്ബി പ്രവൃത്തികളുടെ സംസ്ഥാനത്തെ ആദ്യത്തെ സംരംഭമായ അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ അമ്പലപ്പുഴ -പൊടിയാടി വരെയുള്ള 22.5 കിലോമീറ്റർ റോഡിന്റെ പ്രവൃത്തികൾ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തീകരിച്ചിരുന്നു. 2018ലെ പ്രളയകാലത്ത് ജനങ്ങൾക്ക് ഈ റോഡ് വളരെ ഉപകാരപ്രദമാകുകയും ചെയ്തു.ഒന്നാം ഘട്ടത്തിന്റെ അതേ നിലവാരത്തിലുള്ള നിർമ്മാണമാണ് രണ്ടാംഘട്ടത്തിലും നടത്തുക.റബ്ബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം,കോൺക്രീറ്റ് ഡക്ടുകൾ, കാൽനട യാത്രക്കാർക്കു വേണ്ടിയുള്ള സംവിധാനം,സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയാകും രണ്ടാംഘട്ടവും പൂർത്തീകരിക്കുക.77.36 കോടി രൂപയാണ് രണ്ടാംഘട്ടത്തിന് വിനിയോഗിക്കുന്നത്. പൊതുമരാമത്തു നിരത്തു വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ബി. വിനു റിപ്പോർട്ട് അവതരിപ്പിക്കും.മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി,പ്രൊജക്ട് ഡയറക്ടർ ഡാർളീൻ കർമ്മലീറ്റാ ഡിക്രൂസ് എന്നിവർ പങ്കെടുക്കും.