t


ആലപ്പുഴ: റോഡ് നിർമാണത്തിൽ എക്കാലത്തെയും വലിയ മാറ്റമാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. റോഡ് നിർമ്മാണ രീതിയിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും ഗുണനിലവാരത്തിലും കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിലുണ്ടായിട്ടുള്ള മാറ്റം പൊതുമരാമത്ത് വകുപ്പിന്റെ നേട്ടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 79.6 കോടി മുടക്കിൽ നിർമിച്ചു പൂർത്തീകരിച്ച 14 റോഡുകളുടെയും നിർമാണം ആരംഭിക്കുന്ന 3 റോഡുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി ഐസക്.

മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ഏറ്റെടുത്തിട്ടുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണെന്ന് ജി. സുധാകരൻ പറഞ്ഞു. ധനകാര്യ വകുപ്പിന്റെ ഉദാരമായ സഹകരണമാണ് സംസ്ഥാനത്തെ റോഡ് വികസനം മികച്ചതാകാൻ കാരണം. സർക്കാരിന്റെ പ്രാധാന അജണ്ട വികസനമാണെന്നും അതിന്റെ പ്രതിഫലനമാണ് നാട്ടിൽ കാണാൻ സാധിക്കുന്നതെന്നും സ്‌കൂളുകൾ, റോഡുകൾ, പാലങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ, കൃഷി എന്നിങ്ങനെ എല്ലാ മേഖലയിലും ഈ വികസനം കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എ.എം.ആരിഫ് എം.പി മുഖ്യാതിഥി ആയി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ടി. മാത്യു, പൊതുമരാമത്ത് എൻജിനീയർ ബി. വിനു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.