ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെയും ആലപ്പുഴ നഗരത്തിലെയും പ്രധാനപ്പെട്ട റോഡായ ജനറൽ ആശുപത്രി- പാലസ്‌ റോഡ് ഇന്ന് വൈകിട്ട് നാലിന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

ജനറൽ ആശുപത്രിയുടെ മുൻവശത്ത് കൂടി കടന്നുപോകുന്ന റോഡായതിനാൽ പതിനായിരക്കണക്കിന് ആളുകളാണ് ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നത്. 5.5 മീറ്റർ ആയിരുന്നു മുമ്പ് വീതി. പുതിയ കാലം പുതിയ നിർമ്മാണം എന്ന വികസന കാഴ്ചപാടിലൂന്നി 9 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചത്. കാൽനട യാത്രക്കാർക്ക്‌ വേണ്ടി ടൈൽപാകിയ സഞ്ചാരപാത, കാനയും കേബിളുകളും മറ്റും കടത്തിവിടുന്നതിനായുള്ള ഡെക്റ്റുകളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി 2.5 കോടി ചെലവഴിച്ചാണ് ജനറൽ റോഡ് നിർമ്മിച്ചിരിക്കുന്നത്.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 2000 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ഭൂരിഭാഗവും പൂർത്തീകരിക്കുകയും ചെയ്തെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മണ്ഡലത്തിലെ ഗ്രാമീണ, നഗര റോഡുകളടക്കം വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ്‌ റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലായി 70ന് മുകളിൽ നഗര, ഗ്രാമീണ റോഡുകളാണ് പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.