
ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസ്, ആർ.സി തുടങ്ങി വാഹന സംബന്ധമായ രേഖകളുടെ ഒറിജിനലുകൾക്കു പകരം ഡിജിറ്റൽ പകർപ്പുകൾക്ക് സാധുത നൽകുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ഇന്നലെ മുതൽ നിലവിൽ വന്നു. ഇൻഷ്വറൻസ്, പുകപരിശോധന സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ തുടങ്ങിയവയുടെ ഒറിജിനലുകളും കൈയിൽ കരുതേണ്ടതില്ല. ഇത്തരം രേഖകളുടെ ഡിറ്റിജൽ പകർപ്പുകൾ മൊബൈൽ ഫോണിൽ എം പരിവാഹൻ, ഡിജിലോക്കർ ആപ്പുകൾ വഴി പരിശോധനസമയത്ത് കാണിക്കാം. അതിനായി ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. ആരോഗ്യ ഇൻഷ്വറൻസ്, ബാങ്ക് ഇടപാടുകൾ തുടങ്ങിയവയിലും ഇന്നലെ മുതൽ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
ആരോഗ്യ ഇൻഷ്വറൻസ്
ക്ളെയിമുകളിൽ ഒരുമാസത്തിനുള്ളിൽ തീരുമാനം. വൈകിയാൽ രണ്ടുശതമാനം പലിശ
എട്ടുവർഷത്തിനു മുകളിൽ പ്രീമിയം അടച്ചവരുടെ ക്ളെയിമുകൾ നിരസിക്കില്ല.
13 രോഗങ്ങൾക്കുകൂടി പരിരക്ഷ ഏർപ്പെടുത്തി. അതിനാൽ പ്രീമിയം വർദ്ധിക്കും.
ടെലിമെഡിസിൻ, മാനസിക രോഗം, ജനിതക രോഗങ്ങൾ, നാഡീരോഗങ്ങൾ, വായിലൂടെയുള്ള കീമോതെറാപ്പി, റോബോട്ടിക് സർജറി, സ്റ്റെം സെൽ തെറാപ്പി തുടങ്ങിയവയ്‌ക്ക് ഇൻഷ്വറൻസ് പരിരക്ഷ കിട്ടും.
ബാങ്ക് ഇടപാടുകൾ
റിസർവ്ബാങ്കിന്റെ തീരുമാന പ്രകാരം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി വിദേശത്ത് ഇടപാടുകൾ നടത്താനുള്ള അനുമതിക്ക് പ്രത്യേകം അപേക്ഷിക്കണം. സേവനം ആവശ്യമില്ലാത്തവർക്ക് അപേക്ഷ നൽകി ഒഴിവാക്കാം. ഓൺലൈൻ തട്ടിപ്പുകൾ തടയാൻ വിദേശത്തെ ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ, പണരഹിത ഇടപാടുകൾ എന്നിവയ്‌ക്ക് പരിധി നിശ്‌ചയിക്കാം.
നികുതി
ഏഴ് ലക്ഷത്തിനു മുകളിലുള്ള വിദേശ പണമിടപാടുകൾക്കും വിദേശ ടൂർ പാക്കേജുകൾക്കും 5% നികുതി.
ടി.സി.എസ്(ടാക്സ് കളക്‌റ്റഡ് അറ്റ് സോഴ്സ്) പ്രകാരം ഇ-കൊമേഴ്സ് വ്യാപാരങ്ങളിൽ സാധനങ്ങൾ വിൽക്കുമ്പോൾ തന്നെ ആകെ വിലയുടെ ഒരു ശതമാനം ആദായ നികുതിയായി ഈടാക്കും.
മറ്റ് നടപടികൾ
-പ്രധാനമന്ത്രി ഉജ്ജ്വൽ യോജ്നയ്‌ക്ക് കീഴിൽ പാചകവാതക കണക്‌ഷൻ ഇനി മുതൽ സൗജന്യമല്ല.
-പായ്‌ക്കു ചെയ്യാതെ ചില്ലറയായി വിൽക്കുന്ന ഭക്ഷ്യ സാധനങ്ങൾക്കും 'ബെസ്‌റ്റ് ബിഫോർ ഡേറ്റ്'(പരമാവധി കാലാവധി) ഭക്ഷ്യസുരക്ഷാ അതോറിട്ടി(എഫ്.എസ്.എസ്.എ.ഐ) നിർബന്ധമാക്കി. കടുക് എണ്ണ മറ്റ് എണ്ണകളുമായി കലർത്തി വിൽക്കുന്നതിന് നിരോധനം.
-ടെലിവിഷൻ സ്പെയർ പാർട്സുകൾക്ക് 5% ഇറക്കുമതി തീരുവ നിലവിൽ വന്നതിനാൽ ടെലിവിഷൻ സെറ്റുകൾക്ക് വില കൂടും