rahul

 തെരുവിലിറങ്ങി രാജ്യം

 ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കി

 ഹത്രാസ് ജില്ലയിൽ നിരോധനാജ്ഞ

 ഡൽഹിയിലും യു.പിയിലും വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രൺദീപ് സിംഗ് സുർജേവാല, അധീർ രഞ്ജൻ ചൗധരി, കെ.സി.വേണുഗോപാൽ തുടങ്ങിയവരെ യു.പി പൊലീസ് വഴിയിൽ തടഞ്ഞു. കാറിൽ നിന്നിറങ്ങി നടന്ന രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്ത്, നിലത്തേക്ക് തള്ളിയിട്ടു. എന്നിട്ടും മുന്നോട്ട് പോയ രാഹുലിനെയും പ്രിയങ്കയേയും പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

രാഹുലും പ്രിയങ്കയും ഹത്രാസിലെത്തുന്നുണ്ടെന്ന വിവരം ലഭിച്ചത് മുതൽ സർവ സന്നാഹവുമായി യു.പി പൊലീസ്, ഡൽഹി- യു.പി അതിർത്തിയിൽ നിലയുറപ്പിച്ചിരുന്നു. ഹത്രാസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബാരിക്കേഡുകൾ വച്ച് റോഡുകൾ അടച്ചു. മാദ്ധ്യമപ്രവർത്തകരെ അടക്കം ആരെയും പ്രവേശിപ്പിച്ചില്ല.

കോൺഗ്രസ് നേതാക്കളെ ആദ്യം ഡൽഹി- യു.പി അതിർത്തിയിൽ തടഞ്ഞു. പ്രവർത്തകർ പ്രതിഷേധിച്ചതോടെ വാഹനവ്യൂഹം കടത്തിവിട്ടു. പിന്നീട് ഗ്രേറ്റർ നോയിഡയിൽ വച്ച് വാഹനം തടഞ്ഞു. കാറിൽ നിന്നിറങ്ങി രാഹുലും പ്രിയങ്കയും കാൽനടയായി 142 കിലോമീറ്റർ അകലെയുള്ള ഹത്രാസിലേക്ക് നീങ്ങി.

യമുന എക്‌സ്‌പ്രസ് ഹൈവേയിലൂടെ നീങ്ങുമ്പോൾ യു.പി പൊലീസെത്തി തടഞ്ഞു. പൊലീസുകാരെ വകഞ്ഞുമാറ്റി രാഹുൽ ഗാന്ധി വീണ്ടും മുന്നോട്ട് നീങ്ങി. ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് ശാരീരികമായി ആക്രമിച്ചു. അദ്ദേഹത്തെ തള്ളിവീഴ്ത്തി. മുന്നോട്ട് നീങ്ങാൻ അനുവദിച്ചില്ല. തടയാൻ ശ്രമിച്ച പ്രവർത്തകരെ ലാത്തിചാർജ്ജ് ചെയ്‌തു. ഇതിനിടയിലൂടെ രാഹുലും പ്രിയങ്കയും മുന്നോട്ട് നടന്നുകൊണ്ടിരുന്നു. ഒടുവിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബുദ്ധ് സർക്യൂട്ട് ഗസ്റ്റ്ഹൗസിൽ തടഞ്ഞുവച്ച ഇരുവരെയും പിന്നീട് വിട്ടയച്ചു. ശേഷം ഡൽഹിയിലേക്ക് മടങ്ങി.

ആസാദിനെ വീട്ടുതടങ്കലിലാക്കി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് വീട്ടുതടങ്കലിലാക്കി. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി രാജ്യം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഭീം ആർമി തുടങ്ങിവരുടെ നേതൃത്വത്തിൽ ഡൽഹിയിലും യു.പിയിലും വൻ പ്രതിഷേധം നടന്നു. വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. യു.പിയിലും ലക്‌നൗവിലും സംഘർഷത്തിൽ പൊലീസിനെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് വാഹനങ്ങൾ അടിച്ചു തകർത്തു.

പൊലീസ് എന്നെ തള്ളിയിട്ടു, ലാത്തിചാർജ്ജ് നടത്തി. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ പറ്റൂ എന്നാണോ? ഒരു സാധാരണ വ്യക്തിക്ക് റോഡിലൂടെ നടക്കാൻ പറ്റില്ലേ?

- രാഹുൽ ഗാന്ധി