
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്ത പീഡന സംഭവങ്ങൾ മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നവയാണ്. ഇനിയെത്ര സ്ത്രീകളുടെ നിലവിളികൾ ഉയർന്നാലാണ്, ഇനിയെത്ര ചോര വീണാലാണ്, ഇനിയെത്ര പ്രതിഷേധങ്ങൾ നടത്തിയാലാണ് ഈ രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമുണ്ടാവുക എന്നാണ് സമൂഹത്തിൽ ഉയരുന്ന ചോദ്യം.
യു.പിയിൽ എട്ടുവയസുകാരിക്ക് പീഡനം
ഉത്തർപ്രദേശിൽ അസംഗഡിൽ എട്ടുവയസുകാരിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയിലാണ്. അയൽവാസിയായ ഡാനിഷ് (20) അറസ്റ്റിലായി. കുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു ഡാനിഷ്. ബുധനാഴ്ച സന്ദർശനത്തിന് ശേഷം മടങ്ങിയപ്പോൾ ഡാനിഷ് കുട്ടിയേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. താൻ അടുത്തുള്ള കുളത്തിൽ കുളിക്കാൻ പോകുന്നുവെന്നും കുട്ടിയേയും കുളിപ്പിക്കാമെന്നും പറഞ്ഞ് കുട്ടിയുടെ വസ്ത്രങ്ങളും വാങ്ങിയിരുന്നതായി അമ്മ പറഞ്ഞു.
അവശയായി തിരികെയെത്തിയ കുട്ടി സ്വകാര്യഭാഗങ്ങളിൽ വേദനിക്കുന്നുവെന്ന് അമ്മയോട് പരാതിപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിയുന്നത്. രക്തസ്രാവത്തെത്തുടർന്ന് അവശയായ പെൺകുട്ടിയെ തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മദ്ധ്യപ്രദേശിൽ കൗമാരക്കാരി
കൂട്ടബലാത്സംഗത്തിനിരയായി
മദ്ധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് വയലിൽ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രി വീട്ടിൽ സഹോദരനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സഹോദരനെ മർദ്ധിച്ചു വീഴ്ത്തി പെൺകുട്ടിയെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്തതായി എസ്.പി ശൈലേന്ദ്ര സിംഗ് ചൗഹാൻ അറിയിച്ചു.
യു.പിയിൽ 22കാരിയെ
പീഡിപ്പിച്ച് കൊന്നു:പ്രതിഷേധം
ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ദളിത് യുവതിയെ (22) പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സഹോദരങ്ങളായ ഷാഹിദ്, സഹിൽ എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച കോളേജിൽ അഡ്മിഷൻ നേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയ
അക്രമികൾ,മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിക്രമത്തിൽ പെൺകുട്ടിയുടെ കാലുകളും നട്ടെല്ലും തകർന്നു.
വൈകിട്ട് 7 മണിയായിട്ടും യുവതി മടങ്ങിയെത്താതിനാൽ വീട്ടുകാർ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ അവശനിലയിൽ പെൺകുട്ടി വീട്ടിലെത്തി. വീട്ടുകാർ കാണുമ്പോഴേക്കും ബോധരഹിതയായി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ജില്ലാ മജിസ്ട്രേറ്റ് 6.18 ലക്ഷം താത്കാലിക ധനസഹായം നൽകി.
രാജസ്ഥാനിൽ കൗമാരക്കാരികളെ
മൂന്നുദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ മൂന്നുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബാരനിൽ നിന്നുള്ള 13ഉം 15ഉം വയസുള്ള പെൺകുട്ടികളെ ജയ്പൂരിലും കോട്ടയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതികളിൽ രണ്ടുപേർക്ക് പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ജില്ലയ്ക്ക് പുറത്തു കടത്തിയ ശേഷം പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളും മറ്റു മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മയക്കുമരുന്ന് നൽകിയശേഷമായിരുന്നു പീഡനം.