
ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ. മാർച്ച് മുതൽ സെപ്തംബർ 20 വരെ യു.പിയിൽ നിന്ന് 5470 പരാതികളാണ് ദേശീയ വനിതാ കമ്മിഷന് ലഭിച്ചത്. യു.പി.യിലെ ഹത്രാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് വിവാദമായിരിക്കെയാണ് ഈ കണക്കുകൾ കൂടി പുറത്തുവരുന്നത്. ലോക്ക്ഡൗൺ ആരംഭിച്ച മാർച്ചിൽ 699 പരാതികളാണ് യു.പിയിൽ നിന്ന് ദേശീയ വനിതാകമ്മിഷന് ലഭിച്ചത്. ഏപ്രിലിൽ 159, മേയിൽ 530,ജൂണിൽ 876, ജൂലായിൽ 1461, ആഗസ്റ്റിൽ 966, സെപ്തംബറിൽ 600 പരാതികളും വാട്‌സാപ്പിലൂടെ 190 പരാതിയും യു.പിയിൽ നിന്ന് ലഭിച്ചു.
സെപ്തംബർ 23ന് കേന്ദ്രവനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കണക്കുകൾ.
ലോക്ക്ഡൗണിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ രണ്ടാമത് ഡൽഹിയാണ്(1697). മൂന്നാമത് മഹാരാഷ്ട്ര(865). ഈ കാലയളവിൽ കേരളത്തിൽ നിന്ന് 106 പരാതികൾ കമ്മിഷന് ലഭിച്ചു.
ഈ കാലയളവിൽ ആകെ 13410 പരാതികളാണ് ദേശീയ വനിതാകമ്മിഷന് ലഭിച്ചത്. ഗാർഹിക പീഡനങ്ങൾ അറിയിക്കാനായി ദേശീയ വനിതാ കമ്മിഷൻ ഏപ്രിൽ മുതൽ ഏർപ്പെടുത്തിയ പ്രത്യേക വാട്‌സാപ്പ് നമ്പറിലൂടെ ലഭിച്ച 1143 പരാതികളും ഇതിൽ ഉൾപ്പെടും.
ആൻഡമാൻ, അരുണാചൽപ്രദേശ്, ലക്ഷദീപ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്ന് ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് മുന്നിൽ.
കേരളം - ആകെ 106
മാർച്ച് - 6 പരാതികൾ
ഏപ്രിൽ-10
മേയ് -23
ജൂൺ -13
ജൂലായ്-12
ആഗസ്റ്റ്-18
സെപ്തംബർ (20 വരെ) -11
വാട്‌സാപ്പിലൂടെ ലഭിച്ചത് -13
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
തമിഴ്‌നാട് -341
കർണാടക- 322
തെലങ്കാന-134
ആന്ധ്ര-107
പുതുച്ചേരി-5
രാജ്യത്ത് പ്രതിദിനം 87 ബലാത്സംഗങ്ങൾ
രാജ്യത്ത് പ്രതിദിനം 87 ബലാത്സംഗങ്ങൾ നടക്കുന്നതായാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2019ലെ കണക്ക്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 2019ൽ 7.3 ശതമാനം വർദ്ധനയുണ്ടായി. രാജ്യത്ത് 405861 കേസുകൾ രജിസ്റ്റർ ചെയ്തു.
ഒന്നാം സ്ഥാനത്തുള്ള യു.പിയിൽ 59853 കേസുകൾ. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 37144 കേസും മൂന്നാമതുള്ള രാജസ്ഥാനിൽ 41550 കേസുകളും രജിസ്റ്റർ ചെയ്തു.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാമത് മഹാരാഷ്ട്രയാണ്. 47 കേസുകൾ. മദ്ധ്യപ്രദേശിൽ 37. യു.പിയിൽ 34. രാജ്യത്ത് ആകെ 278 സംഭവങ്ങൾ രജിസ്റ്റർ ചെയ്തു.
ബലാത്സംഗ കേസുകളിൽ ഒന്നാമത് രാജസ്ഥാനാണ് - 5997കേസുകൾ. യു.പിയിൽ 3065,മദ്ധ്യപ്രദേശിൽ 2485. മഹാരാഷ്ട്രയിൽ 2299 കേസുകൾ.
മെട്രോ നഗരങ്ങളിൽ മുംബയിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ. ഡൽഹി രണ്ടാമത്. 18 വയസിന് താഴെയുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതിക്രമത്തിനിരയാക്കുകയും ചെയ്ത സംഭവങ്ങളിൽ ഡൽഹിയാണ് ഒന്നാമത്.