covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു. ആകെ രോഗികൾ 65 ലക്ഷവും പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,069 പേർ മരിച്ചു.

അതേസമയം ഇന്ത്യയിലെ മരണനിരക്ക് ആഗോളതലത്തിൽ ഏറ്റവും മികച്ചതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കെ ഇന്ത്യയിലിത് 1.56 ശതമാനമാണ്. ദശലക്ഷത്തിൽ ഇന്ത്യയിലെ മരണനിരക്ക് ലോകത്തെ തന്നെ ഏറ്റവും കുറവാണ്. ആഗോളതലത്തിൽ ദശലക്ഷത്തിൽ ശരാശരി 130 മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഇന്ത്യയിൽ ദശലക്ഷത്തിൽ 73 മരണമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഒന്നാമതാണ് ഇന്ത്യ.

അതേസമയം, രോഗമുക്തരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിയവരിൽ 21 ശതമാനം ഇന്ത്യയിലാണ്. ആകെ രോഗികളിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,628 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 83.84 ശതമാനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,476 പേർ രോഗികളായി. പുതിയ കേസുകളിൽ 78.2 ശതമാനവും കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്.

 മഹാരാഷ്ട്രയിൽ കൊവിഡ് മരണം 38000ത്തോടടുത്തു.

 കർണാടകയിലും തമിഴ്‌നാട്ടിലും മരണം പതിനായിരത്തിലേക്ക് അടുത്തു.

 യു.പി, ഡൽഹി, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മരണം 5000 കടന്നു.

 കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകന് കൊവിഡ്