atal

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയിൽ നടക്കണമെന്നും അതിന് രാഷ്‌ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയും അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഹിമാലയത്തിലെ ദുർഘടമായ പീർ പഞ്ചൽ മലനിരകളിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച ലോകത്തെ ഏ​റ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ 'അടൽ ടണൽ' രാഷ്‌ട്രത്തിന് സമർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. 9.02 കിലോമീറ്റർ തുരങ്കപാത വന്നതോടെ ഹിമപാതം മൂലം ആറ് മാസം മാത്രം യാത്ര സാദ്ധ്യമായിരുന്ന മണാലി-ലേ ദൂരം 46 കിലോമീറ്ററായി കുറഞ്ഞു.

മന്ദഗതിയിലായിരുന്ന തുരങ്ക നിർമ്മാണം എൻ.ഡി.എ സർക്കാരാണ് ത്വരിതപ്പെടുത്തിയത്. ഇല്ലെങ്കിൽ നിർമ്മാണം പൂർത്തിയാകാൻ 2040 വരെ കാത്തിരിക്കണമായിരുന്നു. എൻ.ഡി.എ സർക്കാർ ഓരോ വർഷവും 1400 മീ​റ്റർ വീതം പൂർത്തിയാക്കി. അങ്ങനെ ആറ് വർഷം കൊണ്ട് പൂർത്തിയാക്കി. 2005 ൽ 900 കോടിയായിരുന്നു എസ്റ്റിമേറ്റ്. 3200 കോടി ചെലവായി.

അടിസ്ഥാന സൗകര്യ പദ്ധതികൾ വൈകിയാൽ ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹ്യ പരവുമായ നഷ്ടങ്ങളുണ്ടാകും.

ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡി വ്യോമത്താവളം, അരുണാചലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ബോഗിബീൽ പാത തുടങ്ങിയവയും തന്റെ സർക്കാർ വേഗത്തിലാക്കി.

ആഗോളതലത്തിൽ ഇന്ത്യയുടെ നിലവാരം ഉയരുന്നതിന് ആനുപാതികമായി അടിസ്ഥാന സൗകര്യം, സാമ്പത്തികം, നയതന്ത്രം എന്നീ മേഖലകളും അതേ വേഗതയിൽ പുരോഗമിക്കണം. സ്വയം പര്യാപ്തമാകണമെന്ന രാജ്യത്തിന്റെ നിശ്ചദാർഢ്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് അടൽ തുരങ്കം. മുൻ സർക്കാരുകൾക്ക് രാഷ‌്‌ട്രീയ ഇച്ഛാശക്തി ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കം ഹിമാചൽ പ്രദേശിനെയും ലേ,​ ലഡാക്കിനെ രാജ്യത്തിന്റെ മ​റ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കും. സാമ്പത്തിക വികസനത്തിൽ കുതിപ്പുണ്ടാക്കും.
കർഷകർക്ക് ഉൽപ്പന്നങ്ങൾ പെട്ടെന്ന് ഡൽഹിയിലേക്കും മ​റ്റ് വിപണികളിലേയ്ക്കും എത്തിക്കാനാകും. അതിർത്തി സേനയ്ക്ക് സാധനങ്ങൾ എത്തിക്കാനും പട്രോളിംഗിനും ടണൽ സഹായിക്കും. തുരങ്കം യാഥാർത്ഥ്യമാക്കിയ എഞ്ചിനീയർമാർ, സാങ്കേതികവിദഗ്ദ്ധർ, തൊഴിലാളികൾ എന്നിവരെ പ്രധാനമന്ത്രി അഭിനനന്ദിച്ചു.

മുൻ സർക്കാരുകൾ നടപ്പാക്കാതിയിരുന്ന വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കി. ആധുനിക യുദ്ധവിമാനങ്ങളും യന്ത്രത്തോക്കുകൾ, ബുള്ള​റ്റ് പ്രൂഫ് ജാക്ക​റ്റുകൾ അതിശൈത്യകാല ഉപകരണങ്ങൾ എന്നിവയും സർക്കാർ സംഭരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തുരങ്കത്തിലൂടെ യാത്ര ചെയ്തു. പ്രധാന തുരങ്കത്തിലെ എമർജൻസി കവാടവും സന്ദർശിച്ചു.