
ന്യൂഡൽഹി: യു.പിയിലെ ഹാഥ് രസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സന്ദർശിച്ചു. വീട്ടുകാരെ സന്ദർശിക്കാനുള്ള ശ്രമം വ്യാഴാഴ്ച യു.പി പൊലീസ് തടയുകയും രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ വീണ്ടും ഹാഥ് രസിലേക്ക് പുറപ്പെട്ട രാഹുലിനെയും കോൺഗ്രസ് എം.പിമാരെയും ഡൽഹി യു.പി അതിർത്തിയായ നോയിഡയിൽ വച്ച് യു.പി പൊലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി ഓടിച്ച സിൽവർ ഇന്നോവയിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് ഉച്ചയോടെ രാഹുൽ ഗാന്ധി പുറപ്പെട്ടത്. ശശി തരൂർ ഉൾപ്പെടെയുള്ള 30ഓളം എം.പിമാരും വിവിധ വാഹനങ്ങളിൽ ഒപ്പമുണ്ടായിരുന്നു. 200 ഓളം പൊലീസുകാരുടെ സംഘമാണ് ലാത്തിയും മറ്റുമായി അതിർത്തിയിലെ ടോൾപ്ലാസയ്ക്ക് മുന്നിൽ തമ്പടിച്ചത്. വലിയ ബാരിക്കേഡ് ഉപയോഗിച്ച് അതിർത്തി റോഡ് അടച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകരും ഇവിടെയെത്തിയിരുന്നു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാഹുലിനെയും പ്രിയങ്കയെയും
കോൺഗ്രസ് സംഘടന ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, വക്താവ് രൺദീപ് സിംഗ് സുർജേവാല, മുതിർന്ന നേതാവ് മുകുൾ വാസ്നിക് എന്നിവർക്ക് മാത്രം ഹാഥ് രസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ്ജും നടത്തി. എട്ടുമണിയോടെയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
ഹാഥ് രസിലേക്ക് പോകാനൊരുങ്ങിയ യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പൊലീസ് വീട്ടുതടങ്കലിലാക്കി.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിക്കാനെത്തിയ തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ എം.പിയെ പൊലീസ് തടയുകയും ബഹളത്തിനിടെ ഡെറിക് ഒബ്രിയാൻ നിലത്തുവീഴുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതയുടെ നേതൃത്വത്തിൽ റാലി നടത്തി. ഡൽഹിയിൽ ജന്തർമന്ദറിലും ഇന്ത്യാഗേറ്റിലും പ്രതിഷേധം അരങ്ങേറി. ജന്തർമന്ദറിലെ പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആഗ്രയിൽ നടന്ന പ്രതിഷേധത്തിൽ വാത്മീകി സമുദായാംഗങ്ങളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
അവരെ നിശബ്ദരാക്കാനാവില്ലെന്ന് രാഹുൽ
നീതി കിട്ടും വരെ സമരമുഖത്തെന്ന് പ്രിയങ്ക
ലക്നൗ: ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യു.പി സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അവരുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടശേഷം മാദ്ധ്യമങ്ങളോട് രാഹുൽ ഗാന്ധി പ്രതികരിച്ചു.
കുടുംബത്തിന് നീതി കിട്ടും വരെ സമരമുഖത്തുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരത ഇരുവരോടും വിവരിച്ചു.
പെൺകുട്ടിയുടെ കുടുംബത്തെ യു.പി ഭരണകൂടം ഭീഷണിപ്പെടുത്തുന്നുവെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിയമപോരാട്ടത്തിൽ കുടുംബത്തിന് കോൺഗ്രസ് പൂർണപിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.ഐയ്ക്ക് വിട്ട് യു.പി സർക്കാർ
ന്യൂഡൽഹി: രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമുയർന്നതിന് പിന്നാലെ, ഹാഥ് രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഉത്തർപ്രദേശ് സർക്കാർ സി.ബി.ഐക്ക് വിട്ടു. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി. സി.ബി.ഐ അന്വേഷണം വേണ്ടെന്നും സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണമാണ് വേണ്ടതെന്നുമാണ് കഴിഞ്ഞദിവസം പെൺകുട്ടിയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞമാസം 14നാണ് പെൺകുട്ടിയെ ഉയർന്ന ജാതിക്കാരായ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. എന്നാൽ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കാതെ ബുധനാഴ്ച പുലർച്ചെ 2.45ഓടെ പൊലീസ് സംസ്കരിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രി യോഗിയുടെ രാജിയും വിവിധ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.