
ന്യൂഡൽഹി: യു.പിയിലെ ഹാഥ് രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള യു.പി സർക്കാർ ഉത്തരവ് വിവാദമായി. സംഭവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ, പ്രതികൾ, പെൺകുട്ടിയുടെ വീട്ടുകാർ എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രത്യേക അന്വേഷണ സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിലെ ശുപാർശ പ്രകാരമായിരുന്നു നടപടി. അതേസമയം നുണ പരിശോധനയ്ക്കു തയാറല്ലെന്ന് പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണ്ട. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണമാണ് വേണ്ടതെന്നും അവർ മാദ്ധ്യമങ്ങളോടു പറഞ്ഞു. യു.പി സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകൻ സാകേത് ഗോഖലെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
കുടുംബത്തെ സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥർ
അതേസമയം യു.പി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി, ഡി.ജി.പി ഹിതേഷ് അവസ്തി എന്നിവർ പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിച്ചു. വീട്ടുകാരുടെ പരാതി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്ന് അവനീപ്പ് അവസ്തി പറഞ്ഞു. രക്ഷിതാക്കളുടെ പരാതികളും ആശങ്കകളും മനസിലാക്കാനാണ് സന്ദർശനമെന്ന് ഡി.ജി.പി പ്രതികരിച്ചു. പെൺകുട്ടിയുടെ ബൂൽഗാഡി ഗ്രാമത്തിൽ മാദ്ധ്യമങ്ങൾക്കുള്ള വിലക്ക് ഇന്നലെ രാവിലെ യു.പി സർക്കാർ നീക്കിയിരുന്നു.
എസ്.പി ഉൾപ്പെടെ പൊലീസുകാർക്ക് സസ്പെൻഷൻ
പെൺകുട്ടിയുടെ കൊലപാതകവും വീട്ടുകാരെ ഒഴിവാക്കി പുലർച്ചെ സംസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക്
ഹാഥ് രസ് എസ്.പി വിക്രാന്ത് വീർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ യു.പി സർക്കാർ സസ്പെൻഡ് ചെയ്തു. സി.ഐ രാം ഷബ്ദ്, എസ്.എച്ച്.ഒ ദിനേഷ് കുമാർ വർമ്മ, എശ്.ഐ ജഗ്വീർ സംഗ്, ക്ലർക്ക് മഹേഷ് പാൽ എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നടപടി. ഷാംലി എസ്.പി വിനീത് ജയ്‌സ്വാൾ ഹാഥ് രസ് എസ്.പിയായി ചുമതലയേറ്റു. അതേസമയം സംസ്കാരത്തിന് നേതൃത്വം നൽകിയ ഡി.എം പ്രവീൺ ലക്സകറിനെതിരെ നടപടിയെടുത്തിട്ടില്ല. ഒരാളെ ഡി.എം മർദ്ദിച്ചതായും പരാതി ഉയർന്നിരുന്നു.
ബൂൽഗാഡി ഗ്രാമത്തിലേക്ക് ഈ മാസം 31 വരെ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല. ജില്ലാ അതിർത്തികൾ പൊലീസ് അടച്ചു. ഗ്രാമത്തിന്റെ രണ്ടു കിലോമീറ്റർ ഇപ്പുറം ബാരിക്കേഡുയർത്തി ഗതാഗതം തടഞ്ഞു. പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴികളിലും വീടിനു ചുറ്റും കനത്ത കാവ
ൽ തുടരുകയാണ്.