
ന്യൂഡൽഹി: ഒരു ഇന്ത്യക്കാരൻ പോലും പിന്നിലാകരുതെന്ന ചിന്തയിൽ വേണം സർക്കാരുകൾ നയങ്ങൾ രൂപീകരിക്കേണ്ടതെന്നും വോട്ടുകളുടെ എണ്ണം അതിന് മാനദണ്ഡമാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ സിസുവിൽ 'അഭർ സമാരോഹ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ നേട്ടം ഓരോ പൗരനിലും എത്തണമെന്ന പ്രതിബദ്ധതയിലാണ് കേന്ദ്രസർക്കാർ അടൽ തുരങ്കം പൂർത്തിയാക്കിയത്. താൻ ആർ.എസ്.എസിൽ പ്രവർത്തിച്ച കാലത്ത് റോഹ്‌താങ് ചുരത്തിലെ യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഈ ബുദ്ധിമുട്ടുകൾ അറിയാമായിരുന്നതിനാലാണ് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2002 ൽ തുരങ്ക നിർമ്മാണം പ്രഖ്യാപിച്ചത്.
തുരങ്കം പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കും. ലഹൗൾ സ്പിതി, പൻഗി എന്നിവിടങ്ങളിലെ കർഷകർ, പഴം കച്ചവടക്കാർ, മൃഗങ്ങളെ വളർത്തുന്നവർ, വിദ്യാർത്ഥികൾ, കച്ചവടക്കാർ എന്നിവർക്ക് നേട്ടമുണ്ടാകും. പ്രദേശത്തെ ചന്ദ്രമുഖി ഉരുളക്കിഴങ്ങുകൾ പുതിയ വിപണികളിൽ എത്തും. ഔഷധ സസ്യങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ആഗോളവിപണിയിലെത്തും. സ്പിതി താഴ്‌വരയിലെ താബോ ആശ്രമത്തിലേക്കുള്ള യാത്ര എളുപ്പമാകും. ലോക രാജ്യങ്ങളുടെ ബുദ്ധ മത കേന്ദ്രമായി പ്രദേശം മാറും. വിനോദസഞ്ചാരം വർദ്ധിക്കുന്നതോടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.