cpm

ന്യൂഡൽഹി: ഹാഥ്‌രസിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സി.പി.എം പ്രതിനിധി സംഘം സന്ദർശിച്ചു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഫലപ്രദമായ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം. കുടുംബത്തിന് സുരക്ഷയൊരുക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജോ. സെക്രട്ടറിയുമായ വിജു കൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ എ.ആർ. സിന്ധു, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി.വെങ്കട്, കർഷക തൊഴിലാളി യൂണിയൻ ദേശീയ ജോ. സെക്രട്ടറി വിക്രം സിംഗ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ട്രഷറർ പുണ്യവതി, ജോ. സെക്രട്ടറി ആശാ ശർമ എന്നിവരാണ് ഹാഥ്‌രസിലെ വീട്ടിലെത്തിയത്. ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി നേതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.