
ന്യൂഡൽഹി: അതിർത്തിയിലെ ദുർഘട മലനിരകളിൽ ഇന്ത്യൻ സൈന്യത്തെ നേരിടാൻ ചൈന പാകിസ്ഥാൻ സൈന്യത്തിന്റെ സഹായം തേടുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നു. ഇന്ത്യ - ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ദേശഭക്തിഗാനം ആലപിക്കുന്ന ചൈനീസ് പട്ടാളക്കാരുടെ വീഡിയോ ആണ് ഈ ആരോപണത്തിന് പിന്നിൽ. ഒരു ചൈനീസ് മാദ്ധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
വീഡിയോയിൽ കാണുന്ന താടിവച്ച, ഉയരമുള്ള പട്ടാളക്കാരന് 'ചൈനീസ് ലുക്കി'ല്ലെന്നതാണ് സംശയമുണ്ടാക്കിയത്. ചൈനക്കാർക്ക് ഇതുപോലുള്ള ശരീര പ്രകൃതമില്ലെന്നാണ് വാദം. ചൈനീസ് പട്ടാള യൂണിഫോമിൽ കാണുന്ന ആ താടിക്കാരൻ പാക് സൈനികനാണെന്ന സംശയമാണ് ചിലർ പ്രകടിപ്പിക്കുന്നത്.
തണുത്തുറഞ്ഞ സിയാച്ചിനടക്കമുള്ള മേഖലകളിൽ അനുഭവസമ്പത്തുള്ള ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ നേരിടാൻ ചൈന പാക് സൈനികരുടെ സഹായം തേടുന്നതായി ആരോപണം ശക്തമാവുകയാണ്. ലഡാക്കിലെ കൊടും ശൈത്യത്തിലും ദുർഘട ഭൂപ്രദേശങ്ങളിലും ചൈനീസ് സൈനികർ പ്രയാസം നേരിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ചൈനീസ് അതിർത്തിയിൽ സംഘർഷം നിലനിൽക്കേ, ശീതകാല വെല്ലുവിളികൾ മറികടക്കാൻ കിഴക്കൻ ലഡാക്കിൽ ഇന്ത്യ കൂടുതൽ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ലഡാക്കിലെ ചുമാർ - ഡെംചോക്ക് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് മൈനസ് 40 ഡിഗ്രിയിലും പ്രവർത്തിക്കാൻ ശേഷിയുള്ള ടി 90, ടി 72 ടാങ്കുകളും ബി.എം.പി- 2 ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുകളുമാണ് വിന്യസിച്ചത്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കരസേനയുടെ ഫയർ ആൻഡ് ഫ്യൂറി കോർ ഇത്രയും ദുർഘടമായ ഭൂപ്രദേശത്തെ ഏക യന്ത്രവൽകൃത സേനാ വിന്യാസമാണ്.